കൊവിഡ് നിയന്ത്രിക്കാൻ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉൾപ്പെടെയുള്ള കേരള മോഡൽ സ്വീകരിക്കുക; കര്‍ണാടക സര്‍ക്കാറിന് വിദഗ്ധരുടെ നിർദ്ദേശം

single-img
10 July 2020

സംസ്ഥാനത്തെ കൊവിഡ് വൈറസ് വ്യാപനത്തിന്റെ നിയന്ത്രണത്തിന് കേരളം മുന്നോട്ടുവെച്ച മാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് വിദഗ്ധരുടെ നിര്‍ദേശം. കേരളത്തില്‍ നടപ്പാക്കുന്ന നടപ്പാക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാതൃക ബെംഗളൂരു ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നടപ്പാക്കാനാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കുക വഴി കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രോഗവ്യാപനം 94 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ കേരളം സമൂഹവ്യാപന സാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്. കര്‍ണാടകയിലെ ബെംഗളൂരുവിലെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് കൊവിഡ് ഓപ്പറേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. സിഎന്‍ മഞ്ജുനാഥ് അറിയിക്കുകയും ചെയ്തു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഒരുതരത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും എന്നാല്‍ രോഗവ്യാപനം തടയുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതോടൊപ്പം തന്നെ കര്‍ണാടക സര്‍ക്കാര്‍ ഇന്റര്‍‌സ്റ്റേറ്റ്, ഇന്റര്‍ ഡിസ്ട്രിക്ട് ഗതാഗതം നിരോധിക്കാനും കുടിയേറ്റ തൊഴിലാളികളുടെയും ഇതര സംസ്ഥാനത്തക്കാരുടെയും വരവ് പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.