ആദ്യം കൊവിഡ് രോഗികളാൽ നിറഞ്ഞ് കവിഞ്ഞു; 137 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ ഐസിയു കൊവിഡ് മുക്തമായതായി അറിയിച്ച് ഒരു ആശുപത്രി

single-img
10 July 2020

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇറ്റലിയില്‍ കൊവിഡ് രോഗികളാൽ നിറഞ്ഞു കവിഞ്ഞിരുന്നു രാജ്യത്തെ ആശുപത്രികൾ എല്ലാം തന്നെ. പക്ഷെ ഇപ്പോൾ ഇതാ 137 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷം തങ്ങളുടെ ആശുപത്രിയിലെ ഐസിയു കൊവിഡ് മുക്തമായി മാറിയതായി അറിയിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഒരു ആശുപത്രി.രാജ്യത്തെ ബെർഗാമോയിലുള്ള ദ പാപ്പാ ജിയോവന്നി ആശുപത്രിയിലെഐസിയുവിൽ കഴിഞ്ഞിരുന്ന അവസാനത്തെ കൊവിഡ് 19 രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടത് കഴിഞ്ഞ ബുധനാഴ്ചയാണ്.

ഫെബ്രുവരി 23നായിരുന്നു ഇവിടെ ആദ്യമായി ഒരു കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് നെഗറ്റീവായി. ഇറ്റലിയിലെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന മേഖലയാണ് ബെർഗാമോ.

ഇതേവരെ ഏകദേശം 6000 ത്തോളം പേർ ഇവിടെ മരിച്ചതായാണ് കണക്ക്.ഇതിന്‍റെ തൊട്ടടുത്തുള്ള പ്രവിശ്യയായ ലൊംബാർഡിയിലാണ് രാജ്യത്തെ പകുതിയോളം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് ആദ്യആഴ്ചയില്‍ രോഗികൾ കുത്തനെ ഉയർന്നതോടെ ഇറ്റലി ഉടൻ തന്നെ ശക്തമായ ലോക്ക്ഡൗണിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രിൽ അവസാനത്തോടെ തന്നെ രോഗികളുടെ എണ്ണവും മരണനിരക്കും കൃത്യമായി കുറച്ചു കൊണ്ടുവരാൻ ഇറ്റലിയ്ക്ക് കഴിഞ്ഞു.