താൻ നിരപരാധി, ക്രിമിനൽ പശ്ചാത്തലമില്ല: സ്വപ്നയുടെ ജാമ്യാപേക്ഷ ഹെെക്കോടതിയിൽ

single-img
9 July 2020

സ്വർണക്കടത്ത് കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്‌ന സുരേഷ് ഹെെക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ഒരു ക്രിമിനിൽ പശ്‌ചാത്തലവും ഇല്ലാത്തയാളാണ് താനെന്നും ഇപ്പോൾ നടക്കുന്നത് മാദ്ധ്യമ വിചാരണയാണെന്നും സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. 

ഹർജി പരിഗണിക്കുന്നതിൽ കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വ‌പ്ന മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. ഇ- ഫയലിംഗ് വഴി ഇന്നലെ അർദ്ധരാത്രിയോടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്‍റെ വാദം. 

കോൺസുലേറ്റിൽ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ തന്‍റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നിലവിലെ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവിൽ ആക്ടിംഗ് കോൺസുലേറ്റ് ജനറലായി പ്രവർത്തിക്കുന്ന റാഷിദ് ഖാമിസ് അൽ ഷമെയ്‍ലി തനിക്ക് വന്ന കാർഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവർ പറഞ്ഞുഴ 

 അതനുസരിച്ചാണ് കസ്റ്റംസിനെ വിളിച്ച് താൻ കാര്യങ്ങൾ അന്വേഷിച്ചതെന്നാണ് സ്വ‌പ്‌ന പറയുന്നത്. പ്രൈസ് വാട്ടർ കൂപേഴ്സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രമാണ് താനെന്നും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ തെറ്റെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.