സ്വർണക്കടത്ത് കേസ് അന്വേഷണം എൻ ഐ എയ്ക്ക്; അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

single-img
9 July 2020

നയതന്ത്ര ബന്ധത്തിന്റെ മറവില്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ എൻഐഎക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സ്വർണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു.

രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ബന്ധം വരുന്നതിനാല്‍ സിബിഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിലുള്ളത്. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് അന്വേഷണാനുമതി നൽകിയത്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എൻഐഎക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. കേരളത്തില്‍ നടന്ന ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്ത് ദേശീയശ്രദ്ധ നേടിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇന്ത്യന്‍ കസ്റ്റംസ് ആക്ട് പ്രകാരം ഇപ്പോൾ നിലവിലുള്ള അന്വേഷണം തുടരും. ഈ അന്വേഷണത്തിന്റെ സമാന്തരമായി ആയിരിക്കും വിശാലമായ രീതിയിൽ എൻഐഎ അന്വേഷണം നടത്തുക.