അത്രയ്ക്ക് അടുപ്പമുള്ളവരുടെ ഫോട്ടോ മാത്രമേ അങ്ങനെ ചെയ്യാറുള്ളു: സന്ദീപ് നായർ സ്പീക്കറുടെ അടുത്ത സുഹൃത്താണെന്നു പറയുന്നതിൻ്റെ കാരണം വ്യക്തമാക്കി കുമ്മനം

single-img
9 July 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കൂട്ടാളി സന്ദീപ് തനിക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി ജയരാജന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ നടത്തിയപ്രസ്താവന പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സന്ദീപിന്റെ പ്രൊഫൈല്‍ ഫോട്ടോ സന്ദീപിന്റെ ചിത്രവും, കവര്‍ ഫോട്ടോ സ്പീക്കര്‍ ശ്രീരാമകൃഷ്ണനോടൊപ്പം സന്ദീപ് നില്‍ക്കുന്നതുമാണെന്ന സത്യം ഇവര്‍ മറച്ചുവെക്കുന്നുവെന്നും കുമ്മനം ആരോപിക്കുന്നു. വളരെ അടുപ്പമുള്ളവരുടെ ഫോട്ടൊ മാത്രമേ കവര്‍ ഫോട്ടോ ആയി ഫെയിസ്ബൂക്കില്‍ ചേര്‍ക്കാറുള്ളു. ആ നിലയ്ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് സന്ദീപിന്റെ അടുത്ത സുഹൃത്ത്

2016ല്‍ തിരഞ്ഞെടുപ്പ്കാലത്ത് സന്ദീപ് തന്നെ വന്നു കണ്ടതിന്റെ ഫോട്ടോ അക്കാലത്തു സന്ദീപ് സമൂഹമാധ്യമങ്ങളിൽ ഇട്ടിരുന്നു. ഇപ്പോള്‍ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുമ്മനത്തിന്റെ കുറിപ്പ്:

സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഫെയിസ്ബൂക്കില്‍ പ്രൊഫൈല്‍ പിക്ചറായി എന്നോടൊപ്പം ഉള്ള ചിത്രം ആണ് ഉള്ളതെന്ന മന്ത്രി ഇ.പി ജയരാജന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ സിപിഎം നേതാക്കളുടെ പ്രസ്താവന പച്ചക്കള്ളമാണ്.

സന്ദീപിന്റെ പ്രൊഫൈല്‍ ഫോട്ടോ സന്ദീപിന്റെ ചിത്രവും, കവര്‍ ഫോട്ടോ സ്പീക്കര്‍ ശ്രീരാമകൃഷ്ണനോടൊപ്പം സന്ദീപ് നില്‍ക്കുന്നതുമാണെന്ന സത്യം ഇവര്‍ മറച്ചുവെക്കുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ട് ഇതോടൊപ്പം ചേര്‍ക്കുന്നു. വളരെ അടുപ്പമുള്ളവരുടെ ഫോട്ടൊ മാത്രമേ കവര്‍ ഫോട്ടോ ആയി ഫെയിസ്ബൂക്കില്‍ ചേര്‍ക്കാറുള്ളു. ആ നിലയ്ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് സന്ദീപിന്റെ അടുത്ത സുഹൃത്ത്. കഴിഞ്ഞ ഡിസംബറില്‍ സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ സ്പീക്കര്‍ ശ്രിരാമകൃഷ്ണനും സിപിഎം നേതാക്കളും പങ്കെടുത്തതില്‍ നിന്നും ഇയാള്‍ക്ക് സിപിഎമ്മില്‍ ഉളള സ്വാധീനം എത്രത്തോളം ഉണ്ടെന്നു വ്യക്തമാണ്.

2016 ഇല്‍ തെരഞ്ഞെടുപ്പ്കാലത്ത് പ്രചരണത്തിനായി യാത്ര ചെയ്യുമ്പോള്‍ നിരവധി ആളുകള്‍ എന്നെ വന്നു കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ട് ചൊദിച്ചു കഴിയുന്നത്ര പേരെ കാണുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവും ചെയ്തുവരുന്ന സാധാരണ പ്രവര്‍ത്തനമാണ്. അങ്ങനെ പലരും വന്ന കൂട്ടത്തില്‍ എന്നെ കണ്ടാ ഫോട്ടോ അക്കാലത്തു സന്ദീപ് ഫെയിസ്ബുക്കില്‍ ഇട്ടിരുന്നു. ഇപ്പോള്‍ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണ് .

ഫെയിസ്ബുക്കിന്റെ കവര്‍ ഫോട്ടോ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊന്നിച്ചുള്ളതാണെന്ന കാര്യം മറച്ചുവെക്കുകയും സിപിഎമ്മുമായുള്ള സന്ദീപിന്റെ ബന്ധം തമസ്‌ക്കരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ശ്രമം വിലപ്പോവില്ല.

ഇതുകൊണ്ടൊന്നും സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപെടുത്താന്‍ ആവില്ല. സിപിഎമ്മും സന്ദീപും തമ്മിലുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ ബിജെപിയെ കേസിലേക്ക് വലിച്ചിഴച്ചിട്ടും കാര്യമില്ല. സന്ദീപ് സജീവ സിപിഎം പ്രവര്‍ത്തകനാണെന്ന് ബന്ധുമിത്രാദികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസിന്റെ ചുരുളുകള്‍ ഓരോന്നായി അഴിയുമ്പോഴും സിപിഎമ്മിന്റെ ബന്ധങ്ങള്‍ കൂടുതല്‍ വെളിപ്പെട്ടുവരികയാണ്. ഇതിന്റെ ജാള്യത മറക്കാനാണ് പച്ചക്കള്ളം വിളിച്ചുപറഞ്ഞു ബിജെപിയെ കുടുക്കാന്‍ മന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്.