നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധിതരെ എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനവുമായി യുഎഇ

single-img
9 July 2020

കോവിഡ് വൈറസ് ബാധിതതരെ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗപ്പെടുത്താൻ യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കെ-9- വിഭാഗത്തിലെ രാജ്യത്തെ പോലീസ് നായകളാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തങ്ങളുടെ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡ് വൈറസ് ബാധിക്കപ്പെട്ട വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് യുഎഇ പരീക്ഷണം നടത്തിയത്. നായ്ക്കളെ ഒരേസമയം നിരവധി ആളുകളുടെ സാംപിളുകൾ മണപ്പിക്കുമ്പോൾ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികിൽ മാത്രമേ പോലീസ് നായ നിൽക്കൂ.

ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ 92% കൃത്യതയോടെയുള്ള ഫലമാണ് ലഭ്യമായത് എന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ് ബാധിതർക്കായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് നായകളുടെ പരിശീലനം നടത്തിയത്. കൂടുതലായി ആളുകൾ എത്തുന്ന സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും നായകളുടെ സേവനം ലഭ്യമാക്കാനാണ് പദ്ധതി.