`ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്ന ഒരു സമയമുണ്ടാകും: കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയിൽ´

single-img
9 July 2020

കോവിഡ് രോഗം ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെയാണെന്ന് പഠന റിപ്പോർട്ടുകൾ.  കോവി‌ഡ് 19നെ പ്രതിരോധിക്കാനുള്ള വാക്സിന്റെ അഭാവത്തിൽ അടുത്ത വർഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയിരലിക്കുന്നത്. പഠനറിപ്പോർട്ടുകൾ ശരിവയ്ക്കുന്ന രീതിയിൽ രാജ്യത്ത് രോഗം അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. 

ഈ രോഗത്തിന് വാക്സിൻ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫലപ്രദമായ ചികിത്സയോ വാക്സിനോ കണ്ടുപിടിച്ചില്ലെങ്കിൽ അടുത്ത വർഷം മാർച്ചോടെ ലോകത്താകമാനം 24.9 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നാണ് ഈ പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  18ലക്ഷം പേർക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കൊവിഡ് ഡാറ്റകൾ അവലോകനം ചെയ്താണ് എംഐടി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യ, അമേരിക്ക, ​ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തൊനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളെയാകും. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ രോഗവ്യാപന സാധ്യതകളെല്ലാം പരിശോധിച്ചാണു റിപ്പോർട്ട് ഒരുക്കിയതെന്ന് എംഐടി അവകാശപ്പെട്ടുന്നു. 

അമേരിക്കയിൽ പ്രതദിനം 95,000 കേസുകൾ ഉണ്ടാകുമെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഇത് 21,000വും ഇറാനിൽ 17,000വുമാണ്. ഇന്തൊനേഷ്യയിൽ പ്രതിദിനം 13,000 കേസുകളുണ്ടാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ആർജിത പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ സാധ്യമായ കാര്യമല്ലെന്നും ഇവർ അഭിപ്രായപ്പെട്ടു. 

നിലവിൽ ലോക‌ത്താകമാനം 1.17 കോടിയിലധികം ആളുകളാണ് കോവിഡ് ബാധിതരായിട്ടുള്ളത്. 5.43 ലക്ഷത്തോളം ആളുകൾക്കാണ് വൈറസ് ബാധ മൂലം ജീ‌വൻ നഷ്ടപ്പെട്ടത്. 

അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ‘കോവാക്‌സി’ന്റെ ക്ലിനിക്കൽ ട്രയൽ ജൂലൈ 10ന് തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.  പട്നയിലെ എയിംസിൽ അഞ്ച് വിദ​ഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും മനുഷ്യരിലെ വാക്സിൻ പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ വേ​ഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. 

ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി പരിചയമുള്ള വിദ​ഗ്ധരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്നും എയിംസ് തലവൻ ‌‌ഡോ സി എം സിങ് പറഞ്ഞു. 100 പേരിൽ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാകാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കുമെന്നും ആദ്യ ഘട്ടം പൂർത്തിയാക്കാൻ 28 ദിവസം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക. മുമ്പ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ മനുഷ്യരിൽ പരീക്ഷിക്കാൻ ഐസിഎംആറിൻ്റെ അനുമതി ലഭിക്കുകയായിരുന്നു.