ബാബു ആന്റണിക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമെന്ന് ബിനീഷ് ബാസ്റ്റിന്‍; അവസരം നൽകി ഒമര്‍ ലുലു

single-img
9 July 2020

തൊണ്ണൂറുകളിലെ ആക്ഷന്‍ ഹീറോ പരിവേഷത്തിന്റെ തുടര്‍ച്ചപോലെ മലയാള സിനിമയിലേക്ക് തിരികെ വരാന്‍ പാകത്തില്‍ ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് പവര്‍സ്റ്റാര്‍. കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടന്‍ ബിനീഷ് ബാസ്റ്റിന്‍ തനിക്ക് ബാബു ആന്റണിക്കൊപ്പം ഈ ചിത്രത്തിലഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടത്.

ആ പോസ്റ്റിന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. “ടീമേ. ഇവരെല്ലാവരും മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്മാര്‍. ഈ കാസ്റ്റിംഗ് കണ്ടപ്പോള്‍ എനിക്കും ഇവരുടെ കൂടെ ഈ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ കൊതിയാവുന്നു. ആരോട് പറയാന്‍. ആരു കേള്‍ക്കാന്‍. നിങ്ങള്‍ പറ ടീമേ”. എന്നായിരുന്നു ബിനീഷിന്റെ പോസ്റ്റ്‌.

ഇതിന് മറുപടിയായി ഒമര്‍ ലുലു പറയുന്നത് ഈ സിനിമയില്‍ നല്ലൊരു വേഷം ബിനീഷിനു തീര്‍ച്ചയായും ഉണ്ടാകുമെന്നാണ്. താനും ബാബു ആന്റണിയുടെ വലിയ ആരാധകനാണെന്നും ബിനീഷ് ബാസ്റ്റിന്‍ പറയുന്നുണ്ട്.

പഴയ കാല സൂപ്പര്‍ ഹിറ്റുകളുടെ രചയിതാവായ ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ മാസ്സ് ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.