സെക്രട്ടേറിയേറ്റ് അടച്ചിടുന്നതിൽ വരെ സാമ്യങ്ങൾ: സ്വപ്നയും സരിതയും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയപ്പോൾ…

single-img
8 July 2020

ഏഴു വർഷങ്ങൾക്കു മുമ്പ്  കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും അതിൻ്റെ അലയൊലികൾ ഇപ്പോഴും തുടരുകയും ചെയ്യുനന് സോളാർ കേസിനും ഇപ്പോഴത്തെ സ്വർണക്കടത്ത് കേസിനും സാമ്യങ്ങളേറെയാണ്. രണ്ടുകേസിലും ആരോപണവിധേയമായത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളായ ജിക്കുമോൻ, ജോപ്പൻ തുടങ്ങിയവരാണ് അദ്ദേഹത്തെ ഊരാക്കുടുക്കിൽ പെടുത്തിയത്. എന്നാൽ തൻ്റെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനാണ് പിണറായിയെ പെടുത്തിയത്. 

രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ട രണ്ട് വിവാദനായികമാർക്കും സാമ്യങ്ങളും ഏറെയാണ്. ആഡംബര ജീവിതവും ആകർഷകമായ വസ്ത്രധാരണവുമായിരുന്നു ഇരുവരും നടത്തിയിരുന്നത്. ഉന്നതരുമൊത്തുള്ള പാർട്ടികൾ, ആളുകളെ വലയിലാക്കാനുള്ള സാമർത്ഥ്യം, തുടരെയുള്ള വിദേശയാത്രകൾ എന്നിവയും ഇരുവർക്കും സാമ്യമുണ്ടായിരുന്നു. എന്തിനു പറയുന്നു, വിവാഹജീവിതത്തിലെ താളപ്പിഴകൾ പോലും ഇരുവരുടെ കാര്യത്തിലും ഒരുമിച്ചു. 

സാമ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഉമ്മൻചാണ്ടിയുടെ ചെവിയിൽ സരിത രഹസ്യം പറയുന്ന ചിത്രമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണായുധമാക്കിയത് ഈ ചിത്രമായിരുന്നു. അതേസമയം യുഎഇ കോൺസുലേറ്റിൻ്റെ ഇഫ്താർ വിരുന്നിനിടെ, പിണറായി വിജയനോട് സംസാരിക്കുന്ന സ്വപ്‌നയുടെ ചിത്രമാണ് യുഡിഎഫ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ പുറത്തു വന്ന ഈ ചിത്രങ്ങൾ വ്യാജമാണെന്നും എൽഡിഎഫ് ആരോപിക്കുന്നുണ്ട്. 

അന്ന് ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ ചിത്രമാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ‌ണൻ  ഇളനീർ കുടിക്കുന്നത്. ഈ ചിത്രം പുറത്തുവന്നതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവാദത്തിൽ കുടുങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇളനീർ കുടിക്കുന്ന ചിത്രമില്ലെങ്കിലും സ്വപ്‌നയുടെ സുഹൃത്തിൻ്റെ കട ഉദ്ഘാടനം ചെയ്ത സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ചിത്രമാണ് വിവാദത്തിലായത്. 

അന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഉന്നതരെല്ലാം സരിതയുമായുള്ള അടുപ്പത്തിൻ്റെ പേരിൽ വിവാദത്തിലായി. ഇന്ന് അതിനൊരു ചെറിയ വ്യത്യാസമുണ്ട്. കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാരും ഡിജിപി ലോക്‌നാഥ് ബെഹറ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്വപ്നയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സരിതയുടെ അറസ്റ്റ് തടയാനും അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺവിളികളുണ്ടായെന്ന് ആരോപണം അന്നുയർന്നിരുന്നു. അതേസമയം  സ്വർണമടങ്ങിയ ബാഗേജ് വിട്ടുനൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് വിളിയെത്തിയെന്ന് ഇപ്പോൾ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഇത് നിഷേധിച്ച് കസ്റ്റംസ് തന്നെ രംഗത്തെത്തിയിരുന്നു. 

സരിതയുടെ ഫോൺവിളിയിൽ രണ്ട് കേന്ദ്രമന്ത്രിമാർ, സംസ്ഥാനത്തെ ഏഴ് മന്ത്രിമാർ, ആറ് എം.എൽ.എമാർ, എംപിമാർ എന്നിവരെല്ലാമുണ്ടായിരുന്നു. എന്നാൽ സ്വപ്‌നയുടെ ഫോൺവിളികൾ പുറത്തു വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജോപ്പന് പണം കൈമാറിയെന്നാണ് സരിതയുടെ വിഷയത്തിൽ പുറത്തുവന്നതെങ്കിൽ സെക്രട്ടേറിയറ്റിൽ സ്വതന്ത്രവിഹാരം നടത്തിയെന്നാണ് സ്വപ്‌നയ്ക്കെതിരായ ആരോപണം ഉയരുന്നത്. 

ഈ വിഷയത്തിൽ ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിൽ ഏത് അന്വേഷണവുമാകാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. സെക്രട്ടേറിയറ്റ് അടയ്ക്കലിലും യാദൃശ്ചികത കടന്നുവരുന്നുണ്ട്. സോളാർകേസിൽ ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയപ്പോൾ രണ്ടുദിവസം സെക്രട്ടേറിയറ്റ് അടച്ചിട്ടിരുന്നു. മന്ത്രിമാർക്കും അത്യാവശ്യജീവനക്കാ‌ർക്കുമായി കന്റോൺമെന്റ് ഗേറ്റിലൂടെ സുരക്ഷാപാതയൊരുക്കുകയായിരുന്നു. എന്നാൽ ഇന്ന് കൊവിഡ് വ്യാപനം കാരണം ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റ് അടച്ചിട്ടിരിക്കുകയാണ്. ആ സമയമാണ് സ്വപ്ന സുരേഷ്  വിവാദം ഉടലെടുത്തിരിക്കുന്നതും.