ഏത് സ്വർണ്ണ ഭീമന് വേണ്ടിയാണ് ഡിപ്ലോമാറ്റിക് പൌച്ചിൽ സ്വർണ്ണമെത്തിയത്?

single-img
8 July 2020

ഡിപ്ലോമാറ്റിക് പൌച്ചിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ വിവാദത്തിനിടയിൽ സ്വർണ്ണം എത്തിയത് ആർക്ക് വേണ്ടിയാണെന്ന ചോദ്യം ബാക്കിയാകുകയാണ്. മുപ്പത് കിലോഗ്രാമിലധികം സ്വർണ്ണം വീതം പലപ്രാവശ്യമായി കടത്തിയ സ്വർണ്ണ ഭീമൻ ആരാണെന്ന ചോദ്യം മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും ബോധപൂർവ്വം അവഗണിക്കുകയാണ്.

യു എ ഇ കോൺസുലേറ്റിന്റെ പരിപാടിയിൽ സ്വപ്ന സുരേഷിനൊപ്പമുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചർച്ചയാക്കുമ്പോൾ ഇതേ ചിത്രങ്ങളിലുള്ള ചില വമ്പൻ സ്വർണ്ണവ്യാപാരികൾ ചർച്ചകളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ബിജെപി നേതാവും എം എൽ എയുമായ ഒ രാജഗോപാൽ, ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ ബി ഗോവിന്ദൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ യു എ ഇ കോൺസുലേറ്റ് പ്രതിനിധികളോടൊപ്പം

സംഘപരിവാറുമായി അടുപ്പമുള്ള ചില സ്വർണ്ണ വ്യാപാരഭീമന്മാർക്ക് വേണ്ടിയാണ് സ്വർണ്ണം എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒരു മാധ്യമത്തിന് നേരേ സംഘപരിവാർ അനുഭാവികളുടെ വക സോഷ്യമീഡിയ ആക്രമണം ഉണ്ടായപ്പോൾ അവരുടെ പരസ്യം പിൻവലിച്ച സ്ഥാപനം സംശയത്തിന്റെ നിഴലിലാണ്. എല്ലാ രാഷ്ട്രീയ നേതാക്കളും ഇക്കാര്യം ചർച്ചയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ സ്വർണ്ണക്കടത്ത് ആരോപണമായി ഉന്നയിച്ച പ്രതിപക്ഷ നേതാവോ ബിജെപി നേതാവ് കെ സുരേന്ദ്രനോ സ്വർണ്ണം കൊണ്ടുവന്നതാരാണെന്ന വിഷയം പരാമർശിക്കാൻ പോലും തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഡിപ്ലൊമാറ്റിക് പൌച്ചിലൊളിപ്പിച്ച് വിമാനത്താവളത്തിലെത്തിയ സ്വർണ്ണം വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച മൂന്ന് പേരിൽ ഒരാൾ സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയുടെ ഒരു നേതാവാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ബിജെപി ബന്ധവും പുറത്ത് വന്നിരുന്നു. ബിജെപിയുടെ ചാല വാർഡ് കൌൺസിലറും മണ്ഡലം പ്രസിഡന്റുമായ എസ് കെ പി രമേശിന്റെ സ്റ്റാഫും കടുത്ത ബിജെപി അനുഭാവിയുമാണ് സന്ദീപെന്ന് അയാളുടെ മാതാവ് ഉഷ കൈരളി ടിവിയോട് പറഞ്ഞിരുന്നു.