ലെെസൻസുള്ള ഒരു തോക്ക് എങ്ങനെ സ്വന്തമാക്കാം?

single-img
8 July 2020

ഒരു തോക്ക് എങ്ങനെ സ്വന്തമാക്കാം. പാവപ്പെട്ടവനാകട്ടെ അതിശക്തനാകട്ടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്തവർ കുറവായിരിക്കും. നാട്ടിൽ നടക്കുന്ന അനീതിയും അക്രമവുമൊക്കെ കാണുമ്പോൾ നേരിൻ്റെ പക്ഷം നിന്നു പോരാടുന്ന ഒരാൾ ഇത്തരത്തിൽ ചിന്തിക്കാം. ഒരു കൊള്ളക്കാരനും അങ്ങനെ ചിന്തിക്കാം. തോക്ക് എന്ന ആയുധം അത്രത്തോളം മനുഷ്യനെ മോഹിപ്പിച്ചിട്ടുണ്ട്. ട്രിഗർ വലിച്ചാൽ വെടിയുണ്ട പായുന്ന ആ ആയുധത്തോളം മറ്റൊരു ആയുധവും മനുഷ്യനെ ഇത്രയേറെ മോഹിപ്പിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. 

പക്ഷേ ഈ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായിത്തന്നെ തുടരും. അതും ഇന്ത്യ പോലുള്ള ഒരു ജനാധിപത്യരാജ്യത്ത്. ആഗ്രഹിക്കുന്നവർക്കെല്ലാം ഈ രാജ്യത്ത്  തോക്ക് കൊണ്ടുനടക്കാനാവില്ല. അതിന് ക‌ർശനമായ മാനദണ്ഡങ്ങളുണ്ട്. പ്രധാനമായും തോക്ക് ഉപയോഗിക്കുവാൻ ലൈസൻസ് വേണം എന്നുള്ളതു തന്നെയാണ്. 

ഇതിനിടയിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ. നാടൻ തോക്കുകൾ നാട്ടിൽ സർവ്വസാധാരണമാണ്. ആവശ്യമുള്ളവർക്ക് ഇരുചെവിയറിയാതെ നിർമ്മിച്ചു നൽകുന്നവർ നാട്ടിലുണ്ട്. പക്ഷേ മോഹിക്കാൻ വരട്ടെ. സംഗതി നിയമവിരുദ്ധമാണ്. ഇത്തരം കള്ളത്തോക്കുകൾ ഉപയോഗിച്ചാൽ എപ്പോൾ അകത്തു കിടന്നുവെന്നു ചോദിച്ചാൽമതി. ആയുധ നിയമപ്രകാരം രണ്ട് മുതൽ10 വർഷം വരെ അഴിയെണ്ണാനുള്ള വകുപ്പും അതിനുണ്ട്. 

ഇനി ഒരുപക്ഷേ അത്യാവശ്യം കൊണ്ട് ഒരു ലെെസൻസൊക്കെ എടുത്ത് ഒരു തോക്ക് സ്വന്തമാക്കിയെന്നിരിക്കട്ടെ. ലൈസൻസുള്ള തോക്കാണെങ്കിൽ പോലും അതിനുമുണ്ട് ഉപയോഗിക്കുവാൻ ചില നിബന്ധനകൾ. അത്തരം തോക്കുകൾ ആത്മരക്ഷാ‌ർത്ഥം മാത്രമേ ഉപയോഗിക്കാവൂ. അങ്ങനെയല്ലെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. അതും അഴിയെണ്ണുവാനുള്ള വകുപ്പുണ്ടെന്നു സാരം. 

തോക്കിൻ്റെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും ലൈസൻസിനായി മാസത്തിൽ 20 അപേക്ഷകളെങ്കിലും ഓരോ കളക്ടറേറ്റിലും ലഭിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത. അപേക്ഷിക്കുന്നവരിൽ ലിംഗവേർതിരിവൊന്നുമില്ല കേട്ടാ. സ്ത്രീകളും പുരുഷൻമാരും അപേക്ഷകൾ നൽകുന്നുണ്ട്. 

2020 ജനുവരി വരെ കേരളത്തിൽ 2,954 പേർക്ക് തോക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ഇതിൽ 27 പേർ സ്ത്രീകളാണ്. ഏറ്റവും കൂടുതൽ ലൈസൻസ് ലഭിച്ചിട്ടുള്ളത് കണ്ണൂർ ജില്ലയിലാണ്. 380 പേർക്കാണ് ഇവിടെ ലെെസൻസ് കിട്ടിയത്. ഇടുക്കിയിൽ 340 പേർക്കും  ​മലപ്പുറത്ത് 310 പേർക്കും ലെെസൻസ് ലഭിച്ചിട്ടുണ്ട്. അതേസമയം  ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.  69 പേർ മാത്രമാണ് ഇവിടെ ലെെസൻസുള്ളവർ. 

ഇനി എങ്ങനെയാണ് ഒരു തോക്കിൻ്റെ ലെെസൻസ് ലഭിക്കുന്നതെന്നു നോക്കാം. തോക്കിൻ്റെ ആവശ്യം വിശദമാക്കിക്കൊണ്ട് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കാം. കളക്ടർ അപേക്ഷ എ.ഡി.എമ്മിന് കൈമാറും. അതിനുപിറകേയാണ് അന്വേഷണം വരുന്നത്. എസ്.പിക്കോ പൊലീസ് കമ്മിഷണർക്കോ ആണ് അതിൻ്റെ ചുമതല. തോക്ക് ആവശ്യപ്പെടുന്നത് സ്വയരക്ഷയാണോ, വ്യക്തിക്ക് എതിരെ ഭീഷണിയുണ്ടോ, മോഷണമോ അക്രമമോ ഭയക്കാൻ സമ്പന്നനാണോ, അപേക്ഷിച്ച വ്യക്തിയുടെ പേരിൽ ക്രിമിനൽ കേസ് ഉണ്ടോ, നിലവിൽ  പ്രതി ചേർക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യങ്ങളൊക്കെ പരിശോധിക്കും. മാത്രമല്ല വ്യക്തിപരമായ സ്വഭാവവും മാനസികാരോഗ്യവും മുഖ്യം. 

സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് കളക്ടർക്ക് എത്തും. തോക്കിന് അർഹതയുണ്ടെങ്കിൽ രണ്ടുമാസത്തിനകം ലൈസൻസ് ലഭിക്കുകയും ചെയ്യും. പുതിയ കേന്ദ്ര നിയമം അനുസരിച്ച് ലൈസൻസ് അഞ്ചു വർഷമാണ്. 

ലഭിക്കുന്ന ലൈസൻസ് ഹാജരാക്കി ഇഷ്ടമുള്ള സിവിലിയൻ തോക്ക് വാങ്ങാം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അംഗീകൃത തോക്ക് വിൽപ്പന കടകളുണ്ട്. വാങ്ങിയശേഷം തോക്ക് ഉണ്ടകൾ സഹിതം പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കണം. വിവരങ്ങൾ രേഖപ്പെടുത്തിയശേഷം തോക്ക് ഉപയോഗിക്കാൻ പൊലീസ് പഠിപ്പിക്കും. 

തോക്കിന് ലെെസൻസ് കിട്ടിക്കഴിഞ്ഞാലും അതുപയോഗിക്കുവാൻ നിബന്ധനകളുണ്ട്. കാൽമുട്ടിന് താഴെയേ വെടിവയ്ക്കാവൂ, അതും ആത്മരക്ഷാർത്ഥം മാത്രം. തോക്ക് ദുരുപയോഗം ക്രിമിനൽ കുറ്റമാണ്. നാട്ടിലെ അക്രമ സാഹചര്യങ്ങളിൽ തോക്ക് പൊലീസ് സ്റ്റേഷനിൽ സറണ്ട‌ർ ചെയ്യണം. ആ കാലയളവിൽ ഉടമയ്ക്ക് പൊലീസ് സംരക്ഷണം നൽകുകയാണ് പതിവ്.

ക്രിമിനൽ കേസിലെ പ്രതികൾ, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവർ, ജയിൽ ശിക്ഷ അനുഭവിച്ചവർ, സാമൂഹ്യവിരുദ്ധർ, മാനസികരോഗികൾ, പൊലീസ് സംരക്ഷണം ഉള്ളവർ എന്നിവർക്ക് ലെെസൻസിന് അപേക്ഷിക്കുവാൻ യോഗ്യതയില്ല എന്നുകൂടി ഓർക്കുക.