ചുരുളഴിയാത്ത രഹസ്യമായി നൂറോളം മനുഷ്യരെ കൊന്ന് ഭക്ഷിച്ച നരഭോജി; ഫ്രഞ്ച് ഗ്രാമത്തെ വിറപ്പിച്ച ആ ചരിത്രം ഇതാണ്

single-img
7 July 2020

1764 കാലഘട്ടത്തില്‍ ഫ്രാൻസിലെ മാർഗെറൈഡ് പർവതത്തിന്റെ താഴ്വരയിലുള്ള ജെവോദൻ പ്രവിശ്യയിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. കാരണം, പുറത്തിറാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെ ജനങ്ങൾക്ക്. അറിയാത്തഏതോ ഒരു അജ്ഞാത ജീവി മനുഷ്യരെ കൊന്നുതിന്നുന്നു. ആ സമയം ഏകദേശം നൂറോളം മനുഷ്യരെ ആ ഭീകര ജീവി കൊന്നു കഴിഞ്ഞിരുന്നു.

ജനങ്ങളില്‍ പലരും ആ വിചിത്ര ജീവിയുടെ ആക്രമണത്തിനിരയായി. എന്നാല്‍ ഏതാണ് ആ ജീവിഎന്ന് മാത്രം ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇടയ്ക്ക് ഈ ജീവിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ചിലർ പറഞ്ഞതനുസരിച്ച് ഒരു വലിയ ചെന്നായയോട് സാമ്യമുള്ള ഒരു ജീവിയാണെന്ന് മനസിലാക്കാൻ സാധിക്കുകയുണ്ടായി. പക്ഷെ അത് ശരിക്കും ചെന്നായയും ആയിരുന്നില്ല.

ഒറ്റ നോട്ടത്തില്‍ ചെന്നായയെ പോലെ തന്നെ തോന്നിക്കുന്ന കൂറ്റൻ പല്ലുകളും വലിയ വാലോടും കൂടിയ ഒരു ഹിംസ്ര ജന്തുവായിരുന്നു അത്. ഒരു ജീവി മാത്രമാണോ അതോ ഒന്നിലധികം ജീവികളാണോ ആക്രമണം നടത്തുന്നതെന്ന് ജെവോദനിലെ ഗ്രാമീണർക്ക് അറിയാനും മാര്‍ഗം ഇല്ലായിരുന്നു.അങ്ങിനെയിരിക്കെ അവർ ആ അജ്ഞാതജീവിയ്ക്ക് ഒരു പേര് നല്‍കിയതാണ് ‘ ദ ബീസ്റ്റ് ഒഫ് ജെവോദൻ ‘ . കൊല്ലപ്പെട്ട പലരുടെയും കഴുത്തിലാണ് ഈ ഭീകരജീവി കടിച്ചത്.

അങ്ങനെ പലപ്പോഴായി ജെവോദനിലെ നരഭോജിയുടെ കഥ ഫ്രഞ്ച് സാമ്രാജ്യത്തിൽ മുഴുവൻ സംസാര വിഷയമായി. ഈ ഗ്രാമത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും നേരെ 210 ഓളം ആക്രമണങ്ങളാണ് ഈ ജീവി നടത്തിയത്. ആക്രമണങ്ങളില്‍ 113 ഓളം പേർ മരിച്ചതായി രേഖകൾ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ പകുതിയോളം ഭക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്താന്‍ സാധിച്ചതും. സാധാരണയായി ഒറ്റയ്ക്ക് നടക്കുന്നവരെയാണ് ജെവോദനിലെ നരഭോജി ആക്രമിച്ചിരുന്നത്.

തന്റെ മുന്നില്‍ എത്തുന്ന ഇരകളുടെ കഴുത്തും തലയുമായിരുന്നു നരഭോജിയുടെ ലക്ഷ്യം. ഇത്തരത്തില്‍ ആക്രമണങ്ങളുടെ എണ്ണം കൂടി വന്നതോടെ ഒന്നിലധികം ജീവികളായിരിക്കാം ഇതിനു പിന്നിലെന്നുള്ള സംശയം ബലപ്പെടുകയും ചെയ്തു. അങ്ങിനെ അവസാനം ജെവോദാനിലെ നരഭോജിയെ പിടികൂടുന്നവർക്ക് ഫ്രഞ്ച് ചക്രവർത്തി ലൂയി 15ാമൻ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ നരഭോജിയെ കൊല്ലാനായി ജെവോദനിലെത്തി. ഇവര്‍ കൂട്ടത്തോടെയായിരുന്നു നരഭോജിയെ തേടിയിറങ്ങിയത്.ഈ കൂട്ടര്‍ ചില യൂറേഷ്യൻ ചെന്നായ്കളെ വകവരുത്തി എങ്കിലും ആക്രണങ്ങൾ വീണ്ടും തുടരുക തന്നെ ചെയ്തു. അങ്ങിനെയിരിക്കെ 1765 സെപ്റ്റംബറിൽ 80 സെന്റീമീറ്റർ ഉയരവും 5 അടി 7 ഇഞ്ച് നീളവുമുള്ള ഗ്രെയ് വുൾഫ് ഇനത്തിൽപ്പെട്ട ഒരു കൂറ്റൻ ചെന്നായയെ വകവരുത്തി എങ്കിലും ഇതിന് ശേഷവും വീണ്ടും ആക്രമണങ്ങൾ തുടർന്നു.

ഇതിന് ഒരു അവസാനമുണ്ടായത് 1767ൽ ജീൻ ചാസ്റ്റൽ എന്ന വേട്ടക്കാരൻ മൗണ്ട് മോഷറ്റ് മലനിരകളിൽ വച്ച് ചെന്നായയോട് സാദൃശ്യമുള്ള ജീവിയെ വെടിവച്ചു കൊന്നതോടെയാണ്. അതിന് പിന്നാലെ ജെവോദനിലെ ആക്രമണങ്ങൾ പെട്ടെന്നുതന്നെ ഇല്ലാതാവുകയായിരുന്നു. ഇദ്ദേഹം കൊന്ന ചെന്നായയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വയറ്റിൽ മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇത് ഒരു ചെന്നായയെന്നാണ് പറയുന്നതെങ്കിലും സാധാരണ കാണപ്പെടുന്ന ചെന്നായയിൽ നിന്നും വ്യത്യസ്ഥമായി മറ്റെന്തൊക്കെയോ പ്രത്യേകതകൾ ഈ ജീവിയ്ക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ജെവോദനില്‍ വിഹരിച്ചിരുന്ന നരഭോജി എന്താണ് എന്നതില്‍ ഇന്നും കൃത്യമായ ഉത്തരമില്ല.