കര്‍ണാടകയില്‍ കോവിഡ് സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞു; കാര്യങ്ങള്‍ കൈവിട്ട് പോയതായി മന്ത്രി

single-img
7 July 2020

കര്‍ണാടക സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ കോവിഡ് വൈറസ് സമൂഹ വ്യാപനം സംഭവിച്ചുവെന്നും കാര്യങ്ങള്‍ കൈവിട്ട് പോയെന്നും മന്ത്രി ജെസി മധുസ്വാമി. സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടും സമൂഹ വ്യാപനം തടയാനായില്ലെന്നും തുമകൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി അറിയിച്ചു. ‘ രോഗികളുടെ കേസുകള്‍ കൂടുന്നു എന്നതല്ല ആശങ്കയുണ്ടാക്കുന്നത്. സമൂഹ വ്യാപനം എന്നതാണ്. അത് തടഞ്ഞു നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു.

ഇനിയുള്ളത് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള സഹകരണമാണ്. അതിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും മധുസ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ കൂടി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അത് സമൂഹ വ്യാപനം തന്നെയാണെന്ന് വ്യക്തമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

നിലവില്‍ കോവിഡ് ബാധിച്ച് തുമകൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എട്ട് പേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അതിഥിതൊഴിലാളികള്‍ ജില്ലയിലേക്ക് വന്നാല്‍ അവര്‍ 14 ദിവസം ക്വാറന്റെനില്‍ കഴിയേണ്ടതും അതിനുള്ള സൗകര്യം അവരെകൊണ്ടുവരുന്ന കോണ്‍ട്രാക്ടര്‍മാര്‍ ചെയ്തു കൊടുക്കേണ്ടതുമാണ് എന്നും മന്ത്രി അറിയിച്ചു.