സ്വപ്‌ന സുരേഷിൻ്റെ സുഹൃത്തിൻ്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍: ചടങ്ങിൽ സ്പീക്കറുമായി സ്വപ്ന ഇടപഴകുന്ന രംഗങ്ങൾ പുറത്ത്

single-img
7 July 2020

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ സുഹൃത്തിൻ്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്. ചടങ്ങിനിടെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്‌ന അടുത്ത് ഇടപഴകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തിരുവനന്തപുരത്തിന് സമീപം നെടുമങ്ങാടുള്ള വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് സ്പീക്കര്‍ എത്തിയത്. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് തെളിവാണ് ഈ ദൃശ്യങ്ങള്‍ എന്നാണ് നിലവിൽ ആക്ഷേപം ഉയരുന്നത്.

യുഎഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്ന് സൽക്കാരത്തിൽ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സുരേഷ് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിലും  സ്പീക്കർ ശ്രീരാമകൃഷ്ണനേയും കാണാം. സ്വപ്നസുരേഷിനെ ഐടി വകുപ്പിന്റെ കീഴിലെ പ്രോജക്ടിൽ നിയമിച്ചത് ആരെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. താനറിഞ്ഞല്ല നിയമനമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.