പ്രിൻസിപ്പൽ സെക്രട്ടറി പദവിക്ക് പിന്നാലെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കം ചെയ്തു

single-img
7 July 2020

പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ സംസ്ഥാന ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. പകരം ഐ ടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും ഉത്തരവിൽ പറയുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

എയർപോർട്ട് വഴി നടന്ന സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്‍റെ സ്ഥാനചലനം എന്നത് ശ്രദ്ധേയമാണ്.

മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കറിനെ മാറ്റിയതിന് പിന്നാലെ, മിർ മുഹമ്മദ് ഐഎഎസ്സിനെ ആ പദവിയിൽ നിയമിച്ചിരുന്നു. നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ.