ശിവശങ്കർ അവധിയിൽ പോകുന്നു: ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി

single-img
7 July 2020

സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്ന ഐടി സെക്രട്ടറി എം ശിവശങ്കർ അവധിയിൽ പോകുന്നു. രണ്ടു മാസത്തെ അവധിക്കാണ് ശിവശങ്കർ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് ശിവശങ്കർ നിർബന്ധിത അവധിക്ക് അപേക്ഷ നൽകിയതെന്നാണ് വിവരം.

അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ ചീഫ് സെക്രട്ടറി ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റാൻ പിണറായി വിജയൻ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ അവധിക്ക് അപേക്ഷ നൽകിയത്. 

മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ നീക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.