ഐ ടി സെക്രട്ടറി ശിവശങ്കർ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നുവെന്ന് അയൽവാസികൾ

single-img
6 July 2020

സംസ്ഥാന ഐടി സെക്രട്ടറിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് നേരത്തെ താമസിച്ചിരുന്ന ഫ്ലാറ്റിലെ അയൽവാസികൾ. ഐടി സെക്രട്ടറി ശിവശങ്കർ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ സ്റ്റേറ്റ് കാറിലാണ് എത്തിയിരുന്നതെന്നും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്വപ്ന സുരേഷ് 2013 മുതൽ 2018 വരെ 5 വർഷം താമസിച്ചിരുന്ന മുടവൻ മുകളിലെ ഫ്ലാറ്റിലെ റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായ ബാലകൃഷ്ണൻ നായരാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും വൈകിട്ട് എട്ടുമണിയോടെ ഐടി സെക്രട്ടറി സ്റ്റേറ്റ് കാറിൽ അവിടെയെത്തുമായിരുന്നുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു. പിന്നീട് രാത്രി ഒരുമണിയോടെ അമിതമായി മദ്യപിച്ച നിലയിലാണ് തിരികെ പോകുന്നത്. പിന്നീട് ഇക്കാ‍ര്യത്തിൽ റസിഡൻസ് അസോസിയേഷൻ ഇടപെടുന്ന നിലയുണ്ടായെന്നും ഇദ്ദേഹം പറയുന്നു.

“ആഴ്ചയിൽ മൂന്നു നാലു ദിവസം വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്ലാറ്റിലായിരുന്നു. ആഹാരമെല്ലാം ഫ്ലാറ്റിലേക്കു വരുത്തും. സ്റ്റേറ്റ് കാറിലാണ് വരുന്നത്. നിത്യ സന്ദർശനമായപ്പോൾ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ തീരുമാനിച്ചു. “

ബാലകൃഷ്ണൻ നായർ പറയുന്നു.

നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി സെക്യൂരിറ്റിയെ ഏർപ്പാടു ചെയ്തെങ്കിലും ഇതിന് സ്വപ്നയുടെ രണ്ടാമത്തെ ഭർത്താവ് സെക്യൂരിറ്റിയെ അടിച്ചു. പൊലീസിൽ വിവരമറിയിച്ചെങ്കിലും സർക്കിൾ ഇൻസ്പെക്ടർ കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ഇവർ സെക്യൂരിറ്റിയെ സ്വാധീച്ച് കേസ് ഒതുക്കി. ശിവശങ്കറിന്റെ വണ്ടിയിലാണ് സ്വർണക്കടത്തു കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ആൾ പോയിരുന്നതെന്നും ബാലകൃഷ്ണൻ നായർ ആരോപിക്കുന്നു.

ഐടി സെക്രട്ടറിക്ക് സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷവും ബിജെപി നേതൃത്വവും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. ശിവശങ്കറിന് ഇവരുടെ കുടുംബവുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.

സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലെയ്സൺ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് പിരിച്ചുവിട്ടിട്ടുണ്ട്. ഇവർക്ക് ഐടി വകുപ്പിൽ ജോലി ലഭിച്ചത് താൻ അറിഞ്ഞിട്ടല്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.