സ്വപ്ന സുരേഷ്: സ്വര്‍ണ്ണം കടത്തിയതിൻ്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥ

single-img
6 July 2020

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണ്ണം കടത്തിയതിന്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയെന്ന് കസ്റ്റംസ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷന്‍സ് മാനേജരായ സ്വപ്‌ന സുരേഷിനെയാണ് കസ്റ്റംസ് തിരയുന്നത്. ഇവര്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്‌ന സുരേഷും നേരത്തെ കോണ്‍സുലേറ്റില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്നും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.

പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ സ്വപ്‌നയെയും സരിത്തിനെയും കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കുകയായിരുന്നു. എന്നാല്‍ അതിനുശേഷവും ഇവര്‍ തട്ടിപ്പു തുടര്‍ന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന വ്യാജ ഐഡി കാര്‍ഡ് സരിത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ് തുടര്‍ന്നത്. കോണ്‍സുലേറ്റിലേക്കുള്ള ഇടപാടുകള്‍ സരിത്ത് വഴിയാണ് വന്നിരുന്നത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഡിപ്ലോമാറ്റ് ബാഗ് വഴി സ്വര്‍ണ്ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുന്നത്. ജൂണ്‍ 30 ന് വരുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ ഇത്തരത്തില്‍ കടത്തുന്നുണ്ടെന്നായിരുന്നു വിവരം. ഡിപ്ലാമാറ്റ് ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ ഉണ്ടാകില്ല. സ്വര്‍ണ്ണം അടങ്ങിയ ബാഗ് വിമാനത്താവളത്തില്‍ എത്തിയാല്‍ സരിത്ത് ഐഡി കാര്‍ഡുമായി ചെന്ന് ബാഗ് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്. 

സ്വർണ്ണമുണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ബാഗ് ക്ലിയര്‍ ചെയ്യാതെ കസ്റ്റംസ് തടഞ്ഞുവെച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗ് തുറന്നുപരിശോധിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയതും, 30 കിലോ സ്വര്‍ണ്ണം പിടികൂടിയതും. സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സരിത്ത് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.