യുപിയിലെ കൊടുംക്രിമിനല്‍ വികാസ് ദുബേയുടെ വീട് തകര്‍ത്തു; ഉള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ച വലിയ നിലവറ കണ്ടെത്തിയതായി പോലീസ്

single-img
5 July 2020

യുപിയിലെ കൊടുംക്രിമിനലായ വികാസ് ദുബേയുടെ കാണ്‍പൂരിലെ സങ്കേതത്തിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള വലിയ ബങ്കര്‍ കണ്ടെത്തിയതായി പോലീസ്. പരിശോധനയുടെ ഭാഗമായി പോലീസ് ഈ കേന്ദ്രം തകര്‍ത്തപ്പോഴാണ് ബങ്കറും അതിലെ സ്ഫോടകവസ്തുക്കളടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയത്. വന്‍ തോതിലുള്ള ആയുധശേഖരം പോലീസിന് ഇവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും കഴിഞ്ഞ ദിവസംപോലീസിനു നേരെ നടന്ന ആക്രമണത്തില്‍ ഇരുന്നൂറിനും മുന്നൂറിനുമിടയില്‍ വെടിയുതിര്‍ക്കലുകള്‍ ദുബേയുടെ ആള്‍ക്കാരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഐജി അറിയിച്ചു. ഈ ആക്രമണത്തില്‍ അഞ്ച് പോലീസ് ആയുധങ്ങള്‍ ഇവര്‍ കൊള്ളയടിക്കുകയുമുണ്ടായി.

ഇവയില്‍ നിന്നും ഒരു പിസ്റ്റള്‍ മാത്രമാണ് തിരികെ ലഭിച്ചത്. ഇന്നലെ രാവിലെയായിരുന്നു ദുബെയുടെ താവളം പോലീസ് തകര്‍ക്കുന്നത്. ഇതിനായി മാത്രം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയായിരുന്നു. വീട് തകര്‍ക്കാന്‍ ആക്രമണം നടന്ന ദിവസം പോലീസിനെ തടയാന്‍ ഉപയോഗിച്ച ജെസിബി തന്നെയാണ് ഉപയോഗപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം തങ്ങളുടെ അടുത്തേക്ക് പോലീസ് സംഘം വരുന്നതറിഞ്ഞ് ഗ്രാമത്തിലെ വഴികളിലുടനീളം ഇവര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു ഇത്തരത്തില്‍ ഒരു തടാസത്തില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ പോലീസുകാര്‍ക്കു നേരെ ദുബെയുടെ സംഘം മട്ടുപ്പാവില്‍ നിന്ന് വെടിവെക്കുകയായിരുന്നു.

ഈ സമയം 30 പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ ദുബെയുടെ സംഘത്തില്‍ അറുപതോളം പേരുണ്ടായിരുന്നു. ആക്രമണ ശേഷം തലയറുത്തു മാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കാല്‍വിരലുകള്‍ കോടാലി ഉപയോഗിച്ച് മുറിച്ചെടുത്തിരുന്നു. നിലവില്‍കാണ്‍പൂര്‍ സംഭവത്തിനു ശേഷം ദുബെ ഒളിവിലാണ്.