തിരുവനന്തപുരം ജില്ലയിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ

single-img
5 July 2020

കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാനായി തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

നാളെ പുലർച്ചെ ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് ജില്ലയിൽ സർക്കാർ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. ജില്ലയിൽ ഈ ദിവസങ്ങളിൽ ജനങ്ങളെല്ലാം അവരവരുടെ വീട്ടിൽ തന്നെ തുടരണം എന്നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

ലോക്ക് ഡൌൺ ദിവസങ്ങളിൽ കടകൾ പ്രവർത്തിക്കുമെന്നും എന്നാൽ ജനങ്ങൾ നേരിട്ട് പോയി വാങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതിന് പകരം അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ സമ്പർക്ക രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം കൈകൊണ്ടത്.

ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തിൽ തുറക്കുക. ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും.അതിനാൽ തന്നെ സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവർത്തിക്കില്ല. തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രമാകും തുറന്നിടുക.