നിര്‍മ്മലാ സീതാരാമന്‍ ഒരു വിഷപ്പാമ്പ്; വിവാദ പരാമര്‍ശവുമായി തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി

single-img
5 July 2020

നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്ര ധനമന്ത്രിയായ നിര്‍മ്മലാ സീതാരാമനെതിരെ വിവാദ പരാമര്‍ശവുമായി തൃണമുല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി. നിര്‍മ്മലാ സീതാരാമന്‍ ഒരു വിഷപ്പാമ്പാണെന്നായിരുന്നു ബാനര്‍ജിയുടെ പരിഹാസം. തന്റെ കീഴിലുള്ള ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ ഇന്ധന വില വര്‍ദ്ധനവിനെതിരെ ബാങ്കുരയില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കല്യാണ്‍ ബാനര്‍ജി. ” രാജ്യത്തെ ജനങ്ങളെ കൊല്ലുന്ന ഒരു വിഷപ്പാമ്പിനെപ്പോലെ, രാജ്യത്തെ ആളുകള്‍ ഒന്നൊന്നായി മരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്ത നിര്‍മ്മലാ സീതാരാമനാണ് ഇതിന് ഉത്തരവാദിയെന്നും ബാനര്‍ജി പറഞ്ഞു. ലോകത്തിലുള്ളതില്‍ ഏറ്റവും മോശം ധനമന്ത്രിയാണ് നിര്‍മ്മലാ സീതാരാമനെന്നും ബാനര്‍ജി ആരോപിച്ചു.

എന്നാല്‍ തൃണമുല്‍ എം പി ഉയര്‍ത്തിയ പരിഹാസത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതൃത്വം രംഗത്ത് എത്തി. പശിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍്‌റ് ദിലീപ് ഘോഷ് കുറ്റപ്പെടുത്തിയത്. തൃണമുല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നട്ടംതിരിയുകയാണെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ദിലീപ് ഘോഷ് ആരോപിച്ചു.