റഷ്യയിലെ നഗരമായ വ്ലാഡിവോസ്റ്റോക്ക് പണ്ട് ഭരിച്ചത് ചൈനയിലെ ക്വിങ് രാജവംശം; അവകാശവാദവുമായി ചൈന

single-img
5 July 2020

റഷ്യന്‍ നഗരമായ വ്ലാഡിവോസ്റ്റോക്ക് എന്ന നഗരത്തിന്റെ 160–ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം റഷ്യന്‍ എംബസി ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ പങ്കുവച്ച വിഡിയോയെച്ചൊല്ലി തർക്കം മുറുകുന്നു.

ചൈനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ ഉള്‍പ്പെടെയുള്ളവര്‍ ഈ നഗരത്തെ പഴയ പേരായ ‘ഹയ്ഷെൻവായ്’ എന്നു വിശേഷിപ്പിച്ചതാണു കാരണം. ചൈനയില്‍ ഉണ്ടായിരുന്ന ക്വിങ് രാജവംശത്തിന്റെ കീഴിലായിരുന്നു ഒരു കാലത്ത് വ്ലാഡിവാസ്റ്റോക്ക്എന്നാണ് ഇവര്‍ പറയുന്നത്. ആ സമയം ഹയ്ഷെൻവായ് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.

പില്‍ക്കാലത്ത് നടന്ന രണ്ടാം ഒപിയം യുദ്ധത്തിൽ ഫ്രാൻസും ബ്രിട്ടനും ചൈനയെ പരാജയപ്പെടുത്തിയതിനു പിന്നാലെ 1860ലായിരുന്നു റഷ്യ ഹയ്ഷെൻവായുടെ നിയന്ത്രണം നേടുന്നത്. തുടര്‍ന്ന് 1860ൽ റഷ്യ ഇവിടെ സൈനിക ഹാർബര്‍ നിർമിച്ചതു മുതലാണ് ഇപ്പോഴുള്ള ചരിത്രമെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിജിടിഎന്നിലെ മാധ്യമ പ്രവര്‍ത്തകന്‍ ഷെൻ ഷിവെയ് ട്വിറ്ററിൽ എഴുതി.

എന്നാല്‍ യുദ്ധ ശേഷം റഷ്യ സ്വന്തമാക്കുന്നതിനു മുൻപ് അതു ചൈനയുടെ പ്രദേശമായ ഹയ്ഷെൻവായ് ആയിരുന്നെന്നും ഷെൻ ഷിവെയ് പറയുന്നു. ” പഴയ കാലത്തുള്ള നമ്മുടെ ഹയ്ഷെൻവായ് തന്നെയല്ലേ ഇതെ”ന്നായിരുന്നു പാക്കിസ്ഥാനിലെ ചൈനീസ് നയതന്ത്രജ്ഞൻ ഴാങ് ഹെക്വിങ് ചോദിച്ചത്. ഇതിനെ ഞങ്ങൾ‌ സഹിക്കുക മാത്രമാണു ചെയ്യുന്നത്. പക്ഷെ ചൈനീസ് ജനത തലമുറകളോളം ഇക്കാര്യം ഓർക്കുമെന്നും ഴാങ് ഹെക്വിങ് പറഞ്ഞു.