കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവുന്നത് ആഗസ്റ്റ് 15നല്ല, 2021ല്‍; ഐസിഎംആര്‍ പ്രഖ്യാപനം തള്ളി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം

single-img
5 July 2020

ഇന്ത്യയില്‍ 2021 ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവില്ല എന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഈ വരുന്ന ആഗസ്റ്റ് 15 ന് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐസിഎംആര്‍ വാദത്തെ തള്ളിയാണ് മന്ത്രാലയം അറിയിപ്പുമായി എത്തിയത്. പൂനയില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി എന്നിങ്ങിനെയുള്ള ആറ് സ്ഥാപനങ്ങളാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്തുന്നത്.

ഇവര്‍ നിലവില്‍ 140 വാക്‌സിനുകളില്‍ കൊവാക്‌സിന്‍, സൈകോവ്-ഡി എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ക്കൊപ്പം 11 വാക്‌സിനുകള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഒരു വാക്സിനും 2021 ന് മുന്‍പ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകില്ല എന്ന് മന്ത്രാലയം ഇന്ന്അ റിയിച്ചു.

ഈ വര്‍ഷം ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നഐസിഎംആര്‍ പ്രഖ്യാപനം നേരത്തെ തന്നെ വിവാദമായിരുന്നു. അതിന് പിന്നാലെ വിശദീകരണവുമായി എത്തിയ ഐസിഎംആര്‍ ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പരീക്ഷണം പുരോഗമിക്കുന്നതെന്ന് അറിയിക്കുകയുണ്ടായി. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ വാക്സിന്‍ പരീക്ഷണം നടത്തുമെന്നും ഐസിഎംആര്‍ അറിയിച്ചിരുന്നു.