മകന്‍ മരിച്ചപ്പോള്‍ തനിച്ചായ മരുമകളെ വിവാഹം ചെയ്തത് അമ്മായിഅച്ഛൻ; ചടങ്ങുകൾ നടത്താന്‍ ബന്ധുക്കളും നാട്ടുകാരും

single-img
5 July 2020

ഭർത്താവായ മകന്‍ മരിച്ച ശേഷം ഒറ്റയ്‌ക്കായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ. വിധവയായ പെൺകുട്ടിയുടെ കൂടി സമ്മതത്തോടെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരുടെ വിവാഹം നടത്തിയത്. ഛത്തീസ്ഗഡിലുള്ള ബിലാസ്പുരിലാണ് സംഭവം.

മരണപ്പെട്ട മകന്റെ അച്ഛനായ കൃഷ്ണസിംഗ് രാജ്പുതാണ് വിധവയായ മരുമകൾ ആര്‍തിയെ ഇത്തരത്തില്‍ വിവാഹം ചെയ്തത്. മരുമകളായ ആർതിയും കൃഷ്ണസിംഗിന്‍റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം 2016 ലായിരുന്നു നടന്നത്. ആ സമയം ആര്‍തിക്ക് 18 വയസായിരുന്നു.

വിവാഹ ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് 2018ലാണ് ഗൗതം മരിക്കുന്നത്. ഈ മരണ ശേഷവും യുവതി ഭർത്താവിന്റെ വീട്ടിൽതന്നെയാണ് കഴിഞ്ഞ രണ്ട് വർഷമായി താമസിച്ചിരുന്നത്. ഈ കുടുംബം ഉള്‍പ്പെടുന്ന രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങൾ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് ഇപ്പോള്‍ വിവാഹം നടന്നത്.

വിധവ ആയാലും സ്ത്രീകൾക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന ഈ സമുദായം ആർതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിച്ചിരുന്നു. ഇതിന് വേണ്ടി സംഘടന പ്രസിഡന്‍റ് ഹോരി സിംഗ് ദൗദിന്‍റെ നേതൃത്വത്തിൽ ഒരു ചർച്ചയും നടക്കുകയുണ്ടായി.

ഈ സമയം ആർതിയെ വിവാഹം ചെയ്യാൻ താന്‍ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിംഗ് അറിയിക്കുകയായിരുന്നു. ഈ വിവാഹത്തിന് ആർതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ബന്ധുക്കളും ചേർന്ന് ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തി.