ഈ വർഷം സിനിമയുണ്ടായേക്കില്ല: യാഥാർത്ഥ്യം മനസ്സിലാക്കി പലചരക്ക് കടതുടങ്ങി സംവിധാകൻ

single-img
5 July 2020

സിനിമ മേഖലയിൽ കൊറോണ വ്യാപനമുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതാണ്. ലക്ഷങ്ങൾ ജോലി ചെയ്തിരുന്ന സിനിമാ മേഖല കൊറോണ വ്യാപനത്തെ തുടർന്നു തലപൊക്കാനാകാതെ കിടക്കുകയാണ്. നിര്‍മാതാക്കള്‍ മുതല്‍ ലൈറ്റ് ബോയ് വരെയുള്ളവരുടെ ജീവിതം ദുഷ്‌കരമായിരിക്കുകയാണെന്നുള്ള നിരവധി വാർത്തകളും വന്നുകഴിഞ്ഞു. 

 ജീവിതം തള്ളിനീക്കാന്‍ മീന്‍, പച്ചക്കറി വില്‍പ്പനയിലേക്ക് കടന്നവരും നിരവധിയാണ്. വരുമാനമാര്‍ഗം നിന്നതോടെ പലചരക്ക് കട ആരംഭിച്ചിരിക്കുകയാണ് ചെന്നൈയിലെ പ്രശസ്തനായ ഒരു സംവിധായകന്‍. പത്ത് വര്‍ഷമായി തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദാണ് ജീവിക്കാനായി കച്ചവടം തുടങ്ങിയത്. 

സ്വരുക്കൂട്ടിവെച്ച പൈസ ഉപയോഗിച്ച് സുഹൃത്തിന്റെ ബില്‍ഡിങ് വാടകയ്‌ക്കെടുത്താണ് ചെന്നൈയിലെ മൗലിവക്കത്താണ് കട ഇട്ടത്. ലോക്ക്ഡൗണ്‍ സമയത്ത് താന്‍ വീടിനുള്ളില്‍ വെറുതെ ഇരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ പലചരക്ക് കട മാത്രം തുറക്കാന്‍ അനുവാദമുള്ളൂ എന്ന് അറിഞ്ഞതോടെയാണ് കട തുടങ്ങാന്‍ തീരുമാനിച്ചത് എന്നാണ് ആനന്ദ് പറയുന്നത്. 

അരി, എണ്ണ തുടങ്ങിയ എല്ലാ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും വില കുറച്ചുവില്‍പ്പന നടത്തുന്നതിനാല്‍ വാങ്ങാനായി ധാരാളം പേര്‍ വരുന്നുണ്ടെന്നുമാണ് ആനന്ദ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം സിനിമ മേഖല തുറക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതോടെയാണ് കട ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 

മാളുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നതിന് ശേഷം മാത്രമേ തീയെറ്ററുകള്‍ തുറക്കുകയുള്ളവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.  അതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് കരിയര്‍ ഉണ്ടാകൂ. അതുവരെ തൻ്റെ പലചരക്ക് കടയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ. 

ഒരു  മഴൈ നാങ്കു സാരല്‍, മൈന മഴൈ എന്നീ ചിത്രങ്ങളിലൂടെയാണ് ആനന്ദ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ലോക്ക്ഡൗണ്‍.