കോവിഡ് പ്രതിസന്ധി: 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി താരങ്ങള്‍

single-img
5 July 2020

കോവിഡ് വൈറസ് വ്യാപന പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് മലയാള സിനിമയെ കരകയറ്റാന്‍ 50 ശതമാനം വരെ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കാന്‍ തീരുമാനിച്ചു. കൊച്ചിയിലെ ചക്കരപ്പറമ്പ് ഹോളി ഡേ ഇന്‍ ഹോട്ടലില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വാഹകസമിതി യോഗത്തിലായിരുന്നു നിര്‍ണ്ണായക തീരുമാനം.

എന്നാല്‍ നിലവില്‍ ചരക്കപ്പറമ്പ് കണ്ടെന്‍മെന്റ് സോണിലായതിനാല്‍ യോഗം ഇടയ്ക്ക് നിര്‍ത്തിവച്ചു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സിനിമ മേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും അതിനാല്‍ താരങ്ങള്‍ കുറഞ്ഞത് ഇരുപത്തിയഞ്ചു ശതമാനമെങ്കിലും അവരുടെ പ്രതിഫലം കുറക്കണമെന്നും നിര്‍മ്മാതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടിനോട് അമ്മ സംഘടനക്ക് വിയോജിപ്പാണുള്ളത്. കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടന സ്വീകരിച്ച നിലപാട്.