കേരളത്തിൽ കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന് വിദഗ്ദർ: ഇനി അടച്ചിടലാണ് വേണ്ടത്

single-img
5 July 2020

കേരളത്തിൽ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.  പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും കർക്കശമാക്കേണ്ട സ്ഥിതി വന്നിരിക്കുകയാണെന്നും ഇളവുകളല്ല,​ കൂടുതൽ നിയന്ത്രണങ്ങളാണ് വേണ്ടതെന്നുമാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം നൽകുന്ന സൂചന ഭീകരമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

നിലവിൽ ഇത്തരം നൂറ്റി ഇരുപതോളം കേസുകളുണ്ട്. അതേസമയം, സമൂഹവ്യാപനമായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഉറവിടമറിയാത്ത രോഗികളുടെ ജില്ലതിരിച്ചുള്ള കൃത്യമായ വിവരം സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡോക്ടർമാരിൽ പലരും സമൂഹവ്യാപനം അംഗീകരിക്കുന്നു എന്നുള്ളതാണ് വസ്തുത. 

കൊവിഡ് രോഗികളെ പരിചരിക്കാത്ത ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് അവ്യക്തമാണ്. കൊവിഡ് ബാധിച്ച് മരിച്ച ആറു പേരുടെ ഉറവിടവും അവ്യക്തമാണ്. പ്രതിരോധശേഷി ഉള്ളവരിൽ വൈറസ് ലക്ഷണങ്ങൾ ഉണ്ടാക്കില്ല. എന്നാൽ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരും. ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇത് അറിയാനാകില്ല. ഇത് വ്യാപനം വേഗത്തിലാക്കുമെന്നുള്ളതും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

രോഗം എവിടെ നിന്ന് ബാധിച്ചെന്ന് കണ്ടെത്താനാകാത്തതാണ് സമൂഹ വ്യാപനത്തിനാധാരം. ഇവർക്ക് കൊവിഡ് രോഗികളുമായുള്ള സമ്പർക്കത്തിന്റെ അറിയപ്പെടുന്ന പശ്ചാത്തലം കാണില്ല. വൈറസ് ബാധ അജ്ഞാതമായ സ്രോതസിൽ നിന്നാവാം. ഇത്തരം സ്രോതസുകളിൽ നിന്ന് സമൂഹത്തിൽ വ്യാപകമായി രോഗം പരക്കാം. മറ്റ് അസുഖങ്ങളുമായി എത്തുന്നവരിലും മറ്റ് ചിലരിൽ മരണശേഷവും രോഗം കണ്ടെത്തുന്നതും സമൂഹവ്യാപനത്തിന്റെ ഫലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.