പ്രായമായ അമ്മയെ നോക്കാത്ത മക്കളുടെ സ്വത്തിൻ്റെ ആധാരം റദ്ദാക്കി കോടതി

single-img
4 July 2020

പ്രായമായ മാതാവിനെ നോക്കാത്ത മക്കൾക്ക് മുന്നറിയിപ്പുമായി ഒരു കോടതി വിധി. വാര്‍ദ്ധക്യ കാലത്ത് മക്കള്‍ സംരക്ഷിച്ചുകൊള്ളുമെന്നു കരുതി സ്വത്തു മുഴുവന്‍ അവര്‍ക്കു നല്‍കി വഞ്ചിക്കപ്പെട്ട അമ്മയ്ക്കാണ് കോടതി ഇടപെട്ട് നീതി നൽകിയത്. പെരുവയല്‍ കായലം വാണിയംകോത്ത് കോട്ടായി പത്മിനിയമ്മയ്ക്കാണ് വര്‍ഷങ്ങളായുള്ള അലച്ചിലിനു ശേഷം കോടതിയുടെ ആശ്വാസവിധിയെത്തിയത്. 

പത്മാവതി അമ്മയുടെ പേരിലായിരുന്ന ആകെയുള്ള സ്വത്ത് മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതോടെയാണ് ഈ അമ്മ വഴിയാധാരമായത്. മക്കൾ കെെയൊഴിഞ്ഞതോടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ആധാരം റദ്ദാക്കിക്കൊണ്ടാണ് കോഴിക്കോട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജി. പ്രിയങ്ക വെള്ളിയാഴ്ച ഉത്തരവിട്ടത്. 

പത്മാവതി അമ്മയ്ക്ക് ഇപ്പോള്‍ 67 വയസ്സായി. ഭര്‍ത്താവ് മാധവന്‍ നായര്‍ നേരത്തേ മരിച്ചു പോയി. ഒമ്പതു വര്‍ഷം മുമ്പ് സ്വത്ത് മക്കളായ അജീഷിന്റെയും ബിജീഷിന്റെയും പേരില്‍ സ്വത്ത് വെവ്വേറെ എഴുതി നൽകഒകയായിരുന്നു. തനിക്കൊന്നും വെക്കാതെ എല്ലാം മക്കളുടെ പേരില്‍ നല്‍കരുതെന്ന മുന്നറിയിപ്പുകള്‍ അന്നുണ്ടായതായും പത്മാവതി അമ്മ പറയുന്നു. എന്നാൽ മക്കള്‍ തന്നെ കൈവിടില്ലെന്ന ഉറപ്പിലായിരുന്നു സ്വത്ത് അവർ കൈമാറിയത്.

പക്ഷേ പ്രതിക്ഷ അസ്ഥാനത്തായിരുന്നുവെന്നാണ് പിന്നീടങ്ങോട്ടുള്ള കാര്യങ്ങൾ വ്യക്തമാകുന്നത്. സ്വത്ത് കൈയില്‍ കിട്ടിയതോടെ കുട്ടികള്‍ തന്നെ നോക്കാതായെന്ന് പത്മിനിയമ്മ കളക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. അമ്മയെ സംരക്ഷിക്കാന്‍ 2018-ല്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും അതു പാലിക്കപ്പെട്ടില്ലെന്നും അവർ പരാതി ഉന്നയിച്ചു. പല ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നെങ്കിലും പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന ധാരണ പോലും പാലിക്കാന്‍ മക്കള്‍ തയ്യാറായില്ലെന്നും പത്മിനിയമ്മ പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്ക ആയപ്പോഴാണ് തന്നെ രണ്ടു മക്കളും സംരക്ഷിക്കുന്നില്ലെന്നും ഇളയമകൻ്റെ ഭാര്യ ദേഹോപദ്രവം ഏല്‍പ്പിക്കുന്നെന്നും പരാതിപ്പെട്ടുകൊണ്ട് അവര്‍ വീണ്ടും കളക്ടറെ സമീപിച്ചത്. ഇതിനിടെ മരുമകളുടെ മര്‍ദനത്തെത്തുടന്ന് പത്മാവതി അമ്മ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ചാലക്കുടി സ്വദേശിയായ ഷാജി ഇവരുടെ ദുരവസ്ഥയറിഞ്ഞ് തനിക്കൊപ്പം പോന്നുകൊള്ളാന്‍ പറഞ്ഞു. പിന്നീട് ഒമ്പതുമാസത്തോളം ഷാജിയുടെ സംരക്ഷണയിലായിരുന്നു ഇവര്‍. 

അതിനിടയിലാണ് പത്മിനിയമ്മയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കോഴിക്കോട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വെള്ളിയാഴ്ച ഈ പരാതി വീണ്ടും പരിഗണിച്ചത്. കേസിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണെന്നു മനസ്സിലാക്കിയ മജിസ്ട്രേറ്റ് ആധാരം റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.