അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചു കുഞ്ഞ് ആരോഗ്യവതി: ഇന്ന് ആശുപത്രി വിടും

single-img
4 July 2020

അച്ഛൻ്റെ ക്രൂരമർദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞ് ഇന്ന് ആശുപത്രി വിടും. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ തലയിലിട്ടിരുന്ന തുന്നൽ മാറ്റി. കുഞ്ഞിന്റെ ദഹന പ്രക്രിയ സാധാരണ നിലയിലായെന്നും തനിയെ മുലപ്പാൽ കുടിക്കുന്നുമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. 

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ആശുപത്രിയിൽനിന്ന് കുഞ്ഞും അമ്മയും പുല്ലുവഴി മാതൃശിശു പരിചരണ കേന്ദ്രമായ സ്നേഹജ്യോതിയിലേക്കാണ് പോകുന്നത്. കേസ് കഴിയുംവരെ അമ്മയ്ക്കും കുഞ്ഞിനും ജില്ലയിൽ എവിടെയെങ്കിലും താമസ സൗകര്യമൊരുക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ നിർദേശിച്ചിരുന്നു. 

കോവിഡ് ഭീതിയൊഴിഞ്ഞാൽ കുഞ്ഞുമായി സ്വദേശമായ നേപ്പാളിലേക്ക് പോകുമെന്നാണ് അമ്മ അറിയിച്ചിട്ടുള്ളത്. അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം നീക്കാനാണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. അതിസങ്കീർണമായ ശസ്ത്രക്രിയയിൽ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറിൽ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്.

ജൂൺ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. 

കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് ഇപ്പോൾ  റിമാൻഡിലാണ്.