കൊച്ചി മെട്രോ കനത്ത പ്രതിസന്ധിയിൽ: വായ്പാ തിരിച്ചടവ് മുടങ്ങി

single-img
4 July 2020

കൊച്ചി മെട്രോ കനത്ത പ്രതിസന്ധിയിൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ സർവീസ് നിർത്തിവെച്ചതോടെ വരുമാനം നിലച്ചതാണ് കൊച്ചി മെട്രോയെ പ്രതിസന്ധിയിലാഴ്ത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. 

തുടർന്ന് സാവകാശം അനുവദിക്കാൻ ഫ്രഞ്ച് വികസന ഏജൻസിയോട് കേന്ദ്രസർക്കാർ വഴി ആവശ്യപ്പെട്ടിരിക്കുകയാണ് കെഎംആര്‍എല്‍. ടിക്കറ്റ് വരുമാനത്തിനൊപ്പം പരസ്യ വരുമാനവും ഇടിഞ്ഞതാണ് മെട്രോയെ പ്രതിസന്ധിയിലാക്കിയത്. മാർച്ച് 20 മുതൽ സർവ്വീസ് പൂർണ്ണമായി നിർത്തിലാക്കിയതോടെ വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി. 

മെട്രോ നിർമ്മാണത്തിനും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജൻസി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വായ്പ എടുത്തിരിക്കുന്നത്. 

ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളം തിരിച്ചടവിന് വേണം. ഇതിൽ മാർച്ച് മാസത്തെ ഒരു ഗഡു മാത്രമാണ് കെഎംആർഎല്ലിന് തിരിച്ചടയ്ക്കാനായത്. 1200 ജീവനക്കാരാണ് കെഎംആർഎല്ലിൽ ജോലിയെടുക്കുന്നത്. ഇതിൽ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാർക്ക് ഉൾപ്പടെ കെഎംആർഎൽ ആണ് ശമ്പളം നൽകുന്നത്.