സുരേഷ് ഗോപി ‘കടുവാക്കുന്നേല്‍ കുറുവാച്ച’നായി എത്തുന്ന സിനിമയ്ക്ക് കോടതിയുടെ വിലക്ക്

single-img
3 July 2020

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരികെ വരുന്ന സിനിമയായി പ്രഖ്യാപിച്ച പുതിയചിത്രത്തിന് കോടതിയുടെ വിലക്ക്. യുവ നടന്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന സിനിമയുടെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുക്കുകയായിരുന്നു എന്ന ഹര്‍ജിയിലാണ് കോടതിയുടെ വിലക്ക് വന്നത്. പ്രശസ്ത ബാനറായ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു സുരേഷ് ഗോപി ചിത്രം നിര്‍മ്മിക്കാനിരുന്നത്.

എന്നാല്‍ ഇതിനും വളരെ മുന്‍പ് തന്നെ പൃഥ്വിരാജിനെ നായകനാക്കി കടുവ സിനിമ ഷാജി കൈലാസ് പ്രഖ്യാപിച്ചിരുന്നതാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് ഷാജി കൈലാസ് ചിത്രമായ കടുവയുടെ രചന നിര്‍വഹിക്കുന്നത്. ജിന് തന്നെയാണ് സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തത്.

ജിനു നല്‍കിയ ഹര്‍ജി സ്വീകരിച്ച കോടതി സുരേഷ്ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞാണ് വിധി പറഞ്ഞത്. സുരേഷ് ഗോപി അവതരിപ്പിക്കാനിരുന്ന കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു വാദത്തിനിടയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

തന്റെ സിനിമയുടെ കഥാപാത്രത്തിന്‍റെ പേര് ഉള്‍പ്പെടെ കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കുകയും ഇതിന്റെ രേഖകളും ഹാജരാക്കുകയും ചെയ്തു. 2019ല്‍ പൃത്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.