മോദി സന്ദർശിച്ച നിമു സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റ് അല്ല; അതിർത്തിയിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള നിമു വിനോദസഞ്ചാരകേന്ദ്രമെന്ന് സോഷ്യൽ മീഡിയ

single-img
3 July 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദർശിച്ച നിമുവിലെ സൈനികക്യാമ്പ് കരസേനയുടെ ഫോർവേഡ് പോസ്റ്റ് ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്നും ഏകദേശം 250 കിലോമീറ്റർ അകലെയാണ് നിമുവെന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ലഡാക്കിലെ ലേയിലുള്ള സൈനികക്യാമ്പിൽ സംയുക്തസൈനികമേധാവി ബിപിൻ റാവത്തും കരസേനാമേധാവി എം എം നരവനെയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമുവിലാണ് പ്രധാനമന്ത്രി ഇപ്പോൾ. സൻസ്കാർ മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന, സിന്ധുനദീതടത്തിന് സമീപമുള്ള നിമു ഒരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്.

എന്നാൽ അതിർത്തിക്കടുത്തുള്ള “ഫോർവേഡ് പോസ്റ്റ്” ആണ് നിമുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വിമർശനവിധേയമായത്. ഗാൽവാനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നിമു സന്ദർശിക്കുന്നത് കശ്മീർ അതിർത്തി (എൽ ഒ സി)യിലെ കാര്യങ്ങൾ അറിയാൻ ചണ്ഡിഗഢ് സന്ദർശിക്കുന്നത് പോലെയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

അമിത് ഷായുടെ ട്വീറ്റിലും നിമു ഫൊർവേഡ് പൊസിഷൻ ആണെന്ന പരാമർശമുണ്ട്. ഇത്തരം പരാമർശങ്ങൾ നിമുവിനടുത്താണ് അതിർത്തിരേഖയെന്ന സൂചനകൂടിയാകുമെന്നതിനാൽ രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രശസ്ത മാധ്യമപ്രവർത്തക സ്വാതി ചതുർവേദി ചൂണ്ടിക്കാട്ടുന്നു.

കര, വ്യോമസേനകളുടെയും ഐടിബിപിയുടെയും സംയുക്തയോഗത്തിൽ പങ്കെടുക്കുകയാണ് മോദി ഇപ്പോൾ. ലഡാക്കിൽ നിലവിലുള്ള സുരക്ഷാസ്ഥിതി വിലയിരുത്താനും, ഒപ്പം, ചൈനയുമായുള്ള കമാൻഡർ തല ചർച്ചകൾ പുരോഗമിക്കുന്നതിനെക്കുറിച്ച് നേരിട്ട് അറിയാനുമാണ് പ്രധാനമന്ത്രി അതിർത്തിയിലെത്തിയത്.