എന്‍ഡോസള്‍ഫാന്‍: കരുതലുകള്‍ അവസാനിക്കുന്നില്ല; സമഗ്ര സാമൂഹിക വികസനത്തിന് പുനരധിവാസ ഗ്രാമം ഒരുങ്ങുന്നു

single-img
3 July 2020

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനായി തുടരുന്ന കരുതലുകള്‍ അവസാനിക്കുന്നില്ല. സമഗ്ര സാമൂഹിക വികസനം ഉറപ്പു വരുത്തുന്നതിന് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ബോവിക്കാനം യു പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് മുളിയാര്‍ വില്ലേജില്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത്. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, തൊഴില്‍ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്സുകള്‍, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ കാര്യങ്ങളാണ് പുനരധിവാസ ഗ്രാമത്തില്‍ പരിഗണനയിലുള്ളതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസഫ് റിബെല്ലൊ പറഞ്ഞു.

മുളിയാര്‍ പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ 25 ഏക്കര്‍ കണ്ടെത്തിയത്. സാമൂഹ്യ നീതി വകുപ്പിന് വേണ്ടി സാമൂഹ്യ സുരക്ഷാ മിഷനാണ് പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കിയത്. 58 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാലുഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുകയെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍ പറഞ്ഞു. ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അഞ്ച് കോടി അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് രിഹാബിലിറ്റേഷന്‍ ആണ് സാങ്കേതിക സഹായം നല്‍കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. സാമൂഹ്യനീതി ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയവര്‍ നിര്‍മ്മാണത്തിന്റെ മോണിറ്ററിങ് നടത്തും.

ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ ശാരീരികവും മാനസികവുമായ വികസനത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളാണ് അന്തര്‍ ദേശീയ നിലവാരത്തില്‍ പുനരധിവാസ ഗ്രാമത്തില്‍ സജ്ജീകരിക്കുന്നത്. ഇതിലെ പ്രധാന ഘടകമാണ് ഫോസ്റ്റര്‍ കെയര്‍ ഹോമുകള്‍. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത അഞ്ച് ബെഡ്റൂമുകളുള്ള നാല് വാര്‍ഡുകളടങ്ങിയതാണ് കെയര്‍ഹോം. ശൗചാലയം, ലൈബ്രറി, രണ്ട് റിക്രിയേഷന്‍ റൂമുകള്‍, നാല് ഫിസിയോതെറാപ്പി റൂം, 20 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുളള ക്ലാസ് മുറികള്‍, ഡൈനിങ് റൂം, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം, പൂന്തോട്ടം എന്നീ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസ് താഴെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ സംവിധാനം ഉപയോഗിക്കുക.

പുനരധിവാസ ഗ്രാമത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും. 12 പേര്‍ക്ക് വരെ താമസിക്കാവുന്ന 10 യൂണിറ്റുകളുണ്ടാവും. ഓരോ യൂണിറ്റിലും പ്രത്യേക കിടപ്പ് മുറി, അടുക്കള, റിക്രിയേഷന്‍ റൂം, രണ്ട് ലൈബ്രറി, വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ ഫെസിലിറ്റി, പൂന്തോട്ടം, നാല് ഫിസിയോതെറാപ്പി റൂം, സ്‌കില്‍ ഡവലപ്പ്മെന്റ് സെന്റേഴ്സ്, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം എന്നീ സൗകര്യങ്ങളുണ്ടാവും. സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണം നല്‍കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി പരിശീലനവും നല്‍കും.

വില്ലേജിലേക്ക് പുതുതായി എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പുതിയ അന്തരീക്ഷം വിപരീത ഫലം ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി ഹാഫ് വേ ഹോംസ് സ്ഥാപിക്കും. ഇതില്‍ കിടപ്പു മുറി, ശൗചാലയം, സ്റ്റാഫ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുമേര്‍പ്പെടുത്തും. കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിക്കാത്തവര്‍ക്കും സ്വയം ചലിക്കാന്‍ പറ്റാത്തവര്‍ക്കും പ്രത്യേക പരിചരണത്തിന് സൗകര്യമൊരുക്കും. മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, വിന്റ് മില്‍, മഴവെള്ള സംഭരണി, ജൈവകൃഷി, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും പുനരധിവാസ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ മൂലം ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോടുകൂടി വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ ബഡ്‌സ് സ്‌കൂള്‍ ഒരുങ്ങുന്നു. ബഡ്‌സ് സ്‌കൂളിന്റെ ശിലാസ്ഥാപനം നാളെ നടക്കും.

പെര്‍ളയില്‍ നിന്ന് മൂന്ന് കലോമീറ്റര്‍ ദൂരത്തിലുളള കണ്ണാടിക്കാന എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2011-ല്‍ ആരംഭിച്ച സാന്ത്വന ബഡ്‌സ് സ്‌കൂളിന്റെ നിലവിലെ അവസ്ഥ പരിഗണിച്ചാണ് പുതിയ നിര്‍മ്മാണം. 26 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമായി 52 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് ഇത്.

കാസര്‍കോട് വികസന പാക്കേജില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും സ്‌പെഷ്യല്‍ ഓഫീസര്‍ കണ്‍വീനറും ആയിട്ടുളള കമ്മിറ്റിയാണ് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ അംഗീകാരത്തോടെ രണ്ട് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിട നര്‍മ്മാണം.

അഞ്ച് ക്ലാസ് മുറികള്‍, അധ്യാപകര്‍ക്കുളള മുറി, ഓഫീസ് മുറി, അടുക്കള, വൊക്കേഷഷണല്‍ പരിശീലന യൂണിറ്റ്, ഫിസിയോതെറാപ്പി റൂം, കളിസ്ഥലം, പ്രത്യേക ശൗചാലയങ്ങള്‍ (ആണ്‍കുട്ടികള്‍-4, പെണ്‍കുട്ടികള്‍-4) തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.