രണ്ട് കോടിയിലധികം രൂപയുമായി മുങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെ അര മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പോലീസ്

single-img
3 July 2020

മോഷണ ശേഷം 10 ലക്ഷം ദിര്‍ഹവുമായി (ഏകദേശം രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) കടന്നുകളഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ അര മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പോലീസ്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം.

ദുബായിലെ അല്‍ മുറഖബ പോലീസ് സ്റ്റേഷനിലാണ് തന്റെ പക്കലുണ്ടായിരുന്ന 10 ലക്ഷം ദിര്‍ഹം അടങ്ങിയ പെട്ടി സെക്യൂരിറ്റി ജീവനക്കാരന്‍ മോഷ്ടിച്ചെന്നും അതുമായി വാഹനത്തില്‍ കടന്നുകളഞ്ഞന്നുമുള്ള പരാതി ലഭിക്കുന്നത്. വ്യവസായിയായ പരാതിക്കാരന്‍ ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോയ പണമാണ് ഇത്തരത്തില്‍ നഷ്ടമായത്.

ഇദ്ദേഹം മറ്റൊരു സ്ഥാപനവുമായി 18 ലക്ഷം ദിര്‍ഹത്തിന്റെ വ്യാപാരം ഉറപ്പിച്ച ശേഷം കമ്പനിയുടെ പിആര്‍ഒയ്ക്ക് പണം നല്‍കാനായി പോകുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ബിസിനസ് ഇടപാടിന്റെ ആദ്യ ഗഡുവായി എട്ട് ലക്ഷം ദിര്‍ഹം നേരത്തെ കൈമാറിയിരുന്നു.

ബാക്കിയുള്ള 10 ലക്ഷം ദിര്‍ഹം കൈമാറാന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു സുഹൃത്തിനൊപ്പം അല്‍ മുറഖബയിലുള്ള ഒരു കെട്ടിടത്തിലെത്തി. വ്യാപാരി ഇവിടേക്ക് എത്തുമ്പോള്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവരാനായി താന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ അയക്കാമെന്ന് പിആര്‍ഒ നേരത്തെ പറഞ്ഞിരുന്നു.

ഈ സ്ഥലത്ത് പരാതിക്കാരനും സുഹൃത്തും എത്തിയപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരുടെ അടുത്തേക്ക് വന്നു. പക്ഷെ ഇവര്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തനിക്ക് പണം പരിശോധിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിന്റെ ഉള്ളില്‍ കയറി പണം പരിശോധിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്‍ അതിന് തയ്യാറായില്ല.