ഡല്‍ഹി കലാപത്തില്‍ ഒന്‍പത് മുസ്‌ലിങ്ങള്‍ കൊല്ലപ്പെടാന്‍ കാരണം ജയ് ശ്രീരാം വിളിക്കാത്തത്; കുറ്റപത്രവുമായി ഡല്‍ഹി പോലീസ്

single-img
3 July 2020

കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളില്‍ ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായത് ജയ് ശ്രീരാം വിളിക്കാത്തതിനാള്‍ എന്ന് ഡല്‍ഹി പോലീസിന്‍റെ കുറ്റപത്രം. കലാപത്തിന്റെ ആസൂത്രണങ്ങള്‍ വ്യക്തമാക്കുന്ന ഈ കുറ്റപത്രം പോലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കലാപത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ‘കട്ടര്‍ ഹിന്ദു ഏക്ത’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2020 ഫെബ്രുവരി 25 നാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്. രാജ്യത്തെ മുസ്‌ലീങ്ങളോട് പ്രതികാരം ചെയ്യാനാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കലാപത്തിനിടയില്‍ മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താനും ആളുകളേയും ആയുധങ്ങളേയും വിതരണം ചെയ്യാനും ഈ ഗ്രൂപ്പാണ് ഉപയോഗിച്ചത്. എന്നാല്‍ ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറയുന്നു. ആരംഭത്തില്‍ ഗ്രൂപ്പില്‍ 125 പേരാണ് ഉണ്ടായിരുന്നത്.

ഇവരില്‍ നിന്നും 47 പേര്‍ മാര്‍ച്ച് 8 ന് ഗ്രൂപ്പില്‍ നിന്ന് പിന്മാറി എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അകില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ കൊലചെയ്യപ്പെട്ടത്.