കൊവിഡ് ചൈനയിൽ നിന്നുള്ള മഹാമാരി; ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നിനെ അവര്‍ അനുവദിച്ചു: ഡൊണാൾഡ് ട്രംപ്

single-img
3 July 2020

ലോകമാകെ പടര്‍ന്ന് പിടിച്ച കൊവിഡ് 19 വൈറസ് ചൈനയിൽ നിന്നുള്ള മഹാമാരിയാണെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍‌ പാടില്ലാത്തതായിരുന്നെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ ഒരു വ്യാപാര കരാർ ഒപ്പിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് ചൈനയിൽ നിന്നും ഈ മഹാമാരി ലോകമാകെ പൊട്ടിപ്പുറപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.

‘ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട ഈ മഹാമാരി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു. എന്നാൽ അവര്‍ അത് അനുവദിച്ചു. പുതിയ ഒരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. അതിലെ മഷിയുണങ്ങും മുമ്പാണ് ഈ മഹാമാരി സംഭവിച്ചത്.’ ട്രംപ് പറഞ്ഞു.

ഇതിന് മുന്‍പും കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന ആരോപണം ട്രംപ് ഉയര്‍ത്തിയിരുന്നതാണ്. യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്നത് കാണുമ്പോൾ ചൈനയോടുള്ള ദേഷ്യം കൂടുന്നു എന്ന് കഴിഞ്ഞ ദിവസം ട്വീറ്റില്‍ ട്രംപ് പറഞ്ഞിരുന്നു.