പൗരത്വപ്രക്ഷോഭങ്ങള്‍ക്കെതിരേ നടന്ന അക്രമങ്ങള്‍; ഡല്‍ഹിയില്‍ 16 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
2 July 2020

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേര്‍ക്ക് നടന്ന അക്രമങ്ങളില്‍ ഉള്‍പ്പെട്ട 16 ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഡല്‍ഹിയില്‍ ഫെബ്രുവരി മാസത്തിന്റെ ആവസാനം നടന്ന പെട്രോള്‍ബോംബ് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് ഭജന്‍പുര പോലീസ്ത് അറസ്റ്റ് ചെയ്തത്.

ഈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി 24, 25 ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 24ന് ഉച്ചയ്ക്ക് 12 മണിയോടെ ഒരുകൂട്ടം അക്രമികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് അന്നത്തെ ആക്രമണങ്ങളില്‍ ഇരയായ ഒരാളുടെ മകനായ പര്‍വെസ് നല്‍കിയ പരാതിയില്‍ പറയുന്നു.

ശക്തമായ വടി, തോക്ക്, ഇരുമ്പ് പാര, വാള്‍, പെട്രോള്‍ ബോംബ് തുടങ്ങിയവയും അക്രമികള്‍ കൈവശം വച്ചിരുന്നു. ഈ ആക്രമണങ്ങളിലാണ് പര്‍വേസിന്റെ പിതാവ് കൊല്ലപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് പര്‍വേസ് മാര്‍ച്ച് 19ന് പരാതി കൊടുത്തെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാവുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.

സംഭവത്തില്‍ ഇന്ന് സുഷില്‍, ജെയ്‌വീര്‍, ദേവേഷ് മിശ്ര, നരേഷ് ത്യാഗി തുടങ്ങി 16 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകം, കലാപം അഴിച്ചുവിടല്‍, അപകടകരമായ ആയുധങ്ങള്‍ പ്രയോഗിക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങി കേസുകളാണ് ചുമത്തിയിട്ടുള്ളത്.