വീഡിയോകോൾ വിളിച്ചപ്പോൾ ഉമ്മയ്ക്കൊപ്പമിരുന്നേ സംസാരിക്കൂ എന്നു പറഞ്ഞ് ‘അൻവർ അലി’ സ്ക്രീൻ മറച്ചു പിടിച്ചു; ഫോൺ വിളിച്ചവരിൽ സ്ത്രീകളും കുട്ടികളും വരെ

single-img
2 July 2020

കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം തന്നെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നോ എന്നറിയില്ലെന്ന് നടി ഷംന കാസിം. എന്നാൽ സംഭവത്തിന് പിന്നിൽ സിനിമാ മേഖലയിലെ ആരെങ്കിലുമുള്ളതായി കരുതുന്നില്ലെന്നും ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിപ്പ് സംഘത്തിനായി ഫോൺ വിളിച്ചവരിൽ സ്ത്രീകളടക്കം പലരുമുണ്ടായിരുന്നു. ഒരു ചെറിയ കുട്ടി വരെ ‘ഹലോ’ പറഞ്ഞിട്ടുണ്ട്. മേയ് 25ന് ആണ് വിവാഹാലോചനയുമായി ‘അൻവർ അലി’ എന്നയാൾ ആദ്യം വിളിക്കുന്നത്. അൻവർ അലി എന്നു പറഞ്ഞ് കാണിച്ചത് മറ്റൊരാളുടെ ഫോട്ടോ ആയിരുന്നു.

വീഡിയോകോൾ വിളിച്ചപ്പോൾ ഉമ്മയ്ക്കൊപ്പമിരുന്നേ സംസാരിക്കൂ എന്നു പറഞ്ഞ് ‘അൻവർ അലി’ സ്ക്രീൻ മറച്ചു പിടിച്ചിരുന്നു. മേയ് 30ന് വിവാഹാലോചനയുമായി വരുമെന്ന‌ു പറഞ്ഞെങ്കിലും ബന്ധുവിന്റെ മരണമുണ്ടെന്നു പറഞ്ഞ് അത് മാറ്റിവയ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ലക്ഷം രൂപ ചോദിച്ചത്. ഇതോടെയാണ് സംശയം ജനിച്ചത്. പണം ചോദിച്ചതിന് പിന്നീട് ‘ചെറുക്കന്റെ ഉപ്പ’ ക്ഷമ ചോദിച്ചു.

തന്നോടു സംസാരിച്ച സംഘത്തിൽ റഫീഖ് എന്ന പേരുള്ള ആരുമില്ലെന്നും ഷംനാ കാസിം പറയുന്നു. വിവാഹാലോചനയ്ക്കെന്നു പറഞ്ഞ് ജൂൺ 3ന് ആണ് സംഘം എത്തിയത്. വിവാഹം ആലോചിച്ച സംഘമല്ല വീട്ടിലെത്തിയത്. അൻവർ എന്നയാൾ വന്നില്ല. അവർ പറഞ്ഞ വിലാസം പരിശോധിച്ചപ്പോൾ വ്യാജമാണെന്നു മനസ്സിലായി.

ദുബായിൽ സഹോദരനു ജ്വല്ലറി ഉണ്ടെന്നു പറഞ്ഞെങ്കിലും അവിടെ അന്വേഷിച്ചില്ല.എന്തെങ്കിലും രീതിയിൽ കുടുക്കാൻ ഉദ്ദേശിച്ചായിരിക്കും ഇവർ വന്നത് എന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകാൻ വേണ്ടിയായിരിക്കണം വീടിന്റെയും വാഹനത്തിന്റെയും ദൃശ്യങ്ങൾ പകർത്തിയത്. കൃത്യമായ ലക്ഷ്യമിട്ടാണവർ വന്നതെന്നു സഹോദരന‌ു സംശയം തോന്നി. വീട് ആക്രമണമടക്കം എന്തും ചെയ്തേക്കും എന്നു തോന്നിയതിനാലാണു പരാതി നൽകിയത്. എന്റെ നമ്പർ നൽകിയതു പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. അപരിചിതർക്കു നമ്പർ നൽകുമ്പോൾ ദുരുപയോഗം ചെയ്യാനിടയുള്ളതിനാൽ എന്നോട് ചോദിക്കേണ്ടതായിരുന്നു’’–ഷംന പറഞ്ഞു.