കൊവിഡ്: 65 വയസിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം; വിജ്ഞാപനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
2 July 2020

രാജ്യത്ത് ഇനി തെരഞ്ഞെടുപ്പുകളില്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള വിജ്ഞാപനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡിന്റെ സാഹചര്യത്തിലുള്ള ഈ തീരുമാനം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. പുതിയ നിയമം വന്നതോടെ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയും.

ഈ വര്‍ഷം തന്നെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റ് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നിരിക്കുന്നത്. കൊവിഡ് വൈറസ് ബാധിക്കുന്നത് രൂക്ഷമായി പ്രതിസന്ധിയിലാക്കുന്നത് 65 വയസിന് മുകളില്‍ പ്രായം ഉള്ളവരെയാണ് എന്നതിനാലാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത് എന്നാണ് വിവരം.

ഇതിന് മുന്‍പ് ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും 80 വയസിന് മേല്‍ പ്രായമുള്ള പൗരന്മാര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് ചടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇപ്പോള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രായപരിധി 65 വയസാക്കി കുറയ്ക്കണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ടുവെച്ചത്. കേന്ദ്ര നിയമമന്ത്രാലയം ഈ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയംപോസ്റ്റല്‍ വോട്ടുകളുടെ ചുമതലയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി മാത്രം പ്രത്യേക കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.