പ്രണയിച്ച് വിവാഹം കഴിച്ചു; കോട്ടയത്ത് നവവരന്‍ 22ആം ദിവസം തൂങ്ങി മരിച്ചു

single-img
2 July 2020

വിദ്യാര്‍ത്ഥിയായ ഭാര്യ പരീക്ഷ കോളേജില്‍ എഴുതാൻ പോയ സമയം യുവാവ് വീടിന്‍റെ അടുക്കളയിൽ തൂങ്ങി മരിച്ചു.പ്രണയ വിവാഹ ശേഷം യുവതിയുമായി താമസം തുടങ്ങി 22 -ാം ദിവസമാണ് വീടിന്‍റെ അടുക്കളയിൽ യുവാവ് തൂങ്ങി മരിച്ചത്.

കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂർ തോട്ടപ്പള്ളി മാലത്ത് റോബിനാണ് (23) ഭാര്യയെ ഡിഗ്രി പരീക്ഷയ്ക്ക് കൊണ്ടുവിട്ട പിന്നാലെ തിരിച്ചെത്തി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പയ്യപ്പാടി സ്വദേശിനിയായ യുവതിയും റോബിനും തമ്മിൽ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കാതെ വന്നതിനാല്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങി രണ്ടുപേരും ഒരു മാസം മുൻപാണ് വിവാഹം ചെയ്തത്.

സംഭവ ദിവസമായ ബുധനാഴ്ച രാവിലെ റോബിൻ തന്നെയാണ് പെൺകുട്ടിയെ കോളേജിൽ എത്തിച്ച് പരീക്ഷാ ഹാളിൽ കൊണ്ടുവിടുന്നതും. അന്ന് ഉച്ചയോടെ തന്നെ വീട്ടിൽ തിരികെ എത്തുകയും ചെയ്തിരുന്നു. ഇയാളെ വീട്ടില്‍ കണ്ടിരുന്നതായി അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വൈകുന്നേരം പരീക്ഷയ്ക്ക് ശേഷം മടങ്ങിയെത്തിയ ഭാര്യ വീട്ടിൽ നോക്കിയപ്പോൾ റോബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അടുക്കളയിൽ തൂങ്ങി മരിച്ചു നിൽക്കുന്ന നിലയിൽ റോബിനെ കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ്‌ പോലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ദിവസം രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. പിറ്റേ ദിവസം രാവിലെ വീട്ടിലെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടര്‍ന്ന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് കൊണ്ടുപോകുകയും പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്‍കുകയും ചെയ്തു. മരിച്ച വ്യക്തിയുടെ സംസ്‌കാരം നടത്തി.