കരിക്കിൻ വില്ലയിലെ അരുംകൊലകൾ നടത്തിയ ‘മദ്രാസിലെ മോനെ’ കണ്ടെത്താൻ വഴികാട്ടിയ ഗൌരി ഓർമ്മയായി

single-img
2 July 2020

തിരുവല്ല: കേരളക്കരയെയാകെ ഞെട്ടിച്ച കരിക്കിൻ വില്ല ദമ്പതി വധക്കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് നിർണായക സാക്ഷിമൊഴി നൽകിയ ഗൌരി ഓർമ്മയായി. മഞ്ഞാടി പൂതിരിക്കാട്ട് മലയിൽ ഗൗരിയമ്മ 98 ആം വയസിലാണ് വാർധക്യസഹജമായ അസുഖങ്ങൾ മൂലം മരണത്തിന് കീഴടങ്ങിയത് . കേസിലെ മുഖ്യസാക്ഷിയായിരുന്ന ഗൗരി, കരിക്കിൻ വില്ലയിലെ ജോലിക്കാരി ആയിരുന്നു. കൊച്ചുമകൾ മിനിയുടെ വസതിയിലാണ് അന്ത്യം. ഏറെനാളായി കിടപ്പിലായിരുന്നു.

കരിക്കിൻ വില്ല കൊലക്കേസിലെ മുഖ്യപ്രതിയായിരുന്ന “മദ്രാസിലെ മോനെ” കണ്ടെത്താൻ സഹായകമായത് ഇവരുടെ മൊഴിയായിരുന്നു. 1980 ഒക്‌ടോബർ 6ന് മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻ വില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ–56) എന്നിവർ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഏറെക്കാലം കുവൈത്തിൽ ജോലി ചെയ്‌ത് വൻസമ്പാദ്യവുമായി നാട്ടിലെത്തിയ മക്കളില്ലാത്ത ദമ്പതികൾക്ക് പുറംലോകവുമായി അധികം ബന്ധമില്ലായിരുന്നു. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രണ്ടുപേരും കുത്തേറ്റ നിലയിലായിരുന്നു. റേച്ചലിന്റെ വയറ്റിൽ കത്തി തറച്ചിരുന്നു. മേശപ്പുറത്ത് 4 ചായക്കപ്പുകളും ഉണ്ടായിരുന്നു. തലേന്നു വൈകിട്ടു താൻ ജോലി കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോൾ 4 പേർ കാറിൽ വന്നതായി ഗൗരി പൊലീസിനു മൊഴി നൽകി. അവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞു. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ പറഞ്ഞതായും ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കൊലക്കേസിനു തുമ്പുണ്ടാക്കിയത്. 

കൊല്ലപ്പെട്ട ജോർജിന്റെ ബന്ധുവും കറുകച്ചാൽ സ്വദേശിയുമായ റെനി ജോർജ് ആയിരുന്നു ഗൌരിയുടെ സാക്ഷിമൊഴിയിലെ “മദ്രാസിലെ മോൻ”. ചെന്നൈയിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥി ആയിരുന്ന റെനിയും സുഹ‍ത്തുക്കളായ മൊറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരൻ കിബ്‌ലോ ദാനിയൽ എന്നിവരുമാണ് പ്രതികളെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. 

മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇവർ. മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽനിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്.

റെനിയും ഹസനും ഗുണശേഖരനും ആദ്യം പിടിയിലായി. കിബ്‌ലോ പിന്നീട് കീഴടങ്ങുകയായിരുന്നു. റേച്ചലിന്റെ ആഭരണങ്ങൾ, പണം തുടങ്ങിയവ അപഹരിക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട റെനി പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങി എന്നറിഞ്ഞപ്പോൾ തിരുവല്ലയിലെ കുടിലിലിരുന്നു ഗൗരി പേടിച്ചുവിറച്ചിരുന്നു. ഒരുനാൾ പകരം ചോദിക്കാൻ റെനി തന്റെ വീട്ടിൽ എത്തുമെന്ന് ഗൗരി ഭയപ്പെട്ടു. റെനി പക്ഷേ, ഒരിക്കലും ഗൗരിയോടു പകരം ചോദിക്കാൻ പോയില്ല. എന്നാൽ ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ ഗൗരിയുടെ പ്രിയപ്പെട്ട റേച്ചലിനെ കൊന്നതിനു മാപ്പ് ചോദിക്കുകയായിരുന്നു റെനി ചെയ്തത്. തന്റെ പാപപരിഹാരത്തിനായി പ്രാർഥിക്കാൻ അപേക്ഷിക്കുകയും ചെയ്തു. കേരളത്തെയാകെ വിറപ്പിച്ച ഒരു കൊലപാതകി മാനസാന്തരപ്പെട്ടു ദൈവവഴിയിൽ എത്തിയ കഥ കൂടിയാണു കരിക്കൻ വില്ല കൊലപാതകക്കേസിന്റേത്.

പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി.

മുഖ്യപ്രതിയായ റെനി ജോർജ് ജയിലിലെ തന്റെ ആദ്യ ആറു വർഷങ്ങൾ പശ്‌ചാത്താപലേശമില്ലാതെ പഴയപോലെ മയക്കുമരുന്നിൽ മുഴുകികഴിഞ്ഞു. പിന്നീട് ജയിൽവാസകാലത്തുതന്നെ മാനസ്സാന്തരപ്പെട്ട് ദൈവവഴിയിലേക്ക് തിരിഞ്ഞു. പരോളിലിറങ്ങുന്ന സമയങ്ങളിൽ സുവിശേഷ പ്രചാരകനായി. 14 വർഷവും ഒൻപതുമാസവും ജയിലിൽ കിടന്ന റെനി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂർണമായും മാറിയിരുന്നു.

1987-ൽ റെനി പരോളിൽ ഇറങ്ങിയതു തിരുവല്ലയിലെ ഒരു സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ജയിലിൽവച്ച് തന്നെ പദ്ധതിയിട്ടായിരുന്നു. വീട്ടിലെത്തി സേഫ് തകർക്കാനുള്ള ഗ്യാസ് കട്ടറും മറ്റും സ്വരുക്കൂട്ടുന്നതിനിടയിൽ താടിവച്ച ഒരു അപരിചിതൻ റെനിയെ തേടിയെത്തി. തന്നോടൊപ്പം ഒരു സ്‌ഥലം വരെ വരണമെന്നു പറഞ്ഞപ്പോൾ ഏതോ കവർച്ചയിൽ പങ്കാളിയാകാൻ തന്നെ ക്ഷണിക്കുകയാണെന്നാണ് കരുതിയാണ് റെനി കൂടെപ്പോയത്. പക്ഷേ, ഒരു പ്രാർഥനാലയത്തിലേയ്ക്കായിരുന്നു റെനിയെ അയാൾ കൊണ്ടുപോയത്. അവിടെ കൂട്ടിക്കൊണ്ടുവന്ന താടിക്കാരനോടു റെനിക്ക് അടങ്ങാത്ത ദേഷ്യം തോന്നിയെങ്കിലും എന്തുകൊണ്ടോ ഇറങ്ങിപ്പോയില്ല. ആ പ്രാർഥനാ സംഘത്തിലിരിക്കവേ തന്റെ മനസ്സിൽ എന്തോ പരിവർത്തനം നടക്കുന്നതു റെനി അറിഞ്ഞു.

പരോൾ കഴിഞ്ഞു കൊള്ളമുതലുമായി എത്തുന്ന റെനിയെ കാത്തിരുന്ന ജയിലിലെ കൂട്ടുകാർ ബാഗിൽ ഒരു ബൈബിൾ മാത്രം കണ്ടു ക്ഷോഭിച്ചു. അടുത്ത പരോൾ കഴിഞ്ഞു റെനി മടങ്ങി വന്നതു വിവാഹിതനായാണ്. വധു ബഹ്‌റൈനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളി യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച് ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു.

പന്ത്രണ്ട് വർഷക്കാലത്തെ ജയിൽശിക്ഷ കഴിഞ്ഞു റെനി ബെംഗളൂരുവിൽ ടിനയ്‌ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങി. കിബ്‌ലോയും ഗുണശേഖറും ഗുലാമും മോചിതരായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങി. അവരെയൊന്നു പിന്നീടു റെനി കണ്ടിട്ടില്ല. പിന്നീട് ഭാര്യ ടീനയുമൊത്തു ബെംഗളൂരുവിൽ തടവുകാരുടെ മക്കൾക്കായി ഭവനം നടത്തി.

കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്. ഏതാനും വർഷം മുൻപു ഗോസ്‌പൽ ഫോർ ഏഷ്യ ഈ വീടും പറമ്പും വാങ്ങി. കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യുവും റെനിയെ വീണ്ടും കണ്ടുമുട്ടി. പരോളിലിറങ്ങിയ കുറ്റവാളി തനിക്കു ശിക്ഷ വാങ്ങിത്തന്നെ ഉദ്യോഗസ്‌ഥനെ തേടിപ്പിടിച്ചു ചെന്നുകണ്ട് ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞപ്പോൾ സിബിക്കു വിശ്വസിക്കാനായില്ല.

കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ. അബ്‌ദുൽ കരിം എന്നിവർ മരിച്ചു. മദ്രാസിലെ മോനെന്ന വെളിപ്പെടുത്തൽ വഴി കേസിനു തുമ്പുണ്ടാക്കി ചരിത്രസാക്ഷിയായ മഞ്ഞാടി കുതിരിക്കാട് ഗൗരിയും കഴിഞ്ഞദിവസം ജീവിതത്തോടു വിടപറഞ്ഞതോടെയാണ് കരിക്കിൻ വില്ല കേസ് മലയാളിയുടെ സ്മൃതിയിലേയ്ക്ക് വീണ്ടുമെത്തുന്നത്.