ദുരൂഹ സാഹചര്യത്തിൽ 350ൽ കൂടുതൽ കാട്ടാനകൾ ചരിഞ്ഞ നിലയില്‍; ‘സംരക്ഷണ ദുരന്തം’ എന്ന് വിശേഷിപ്പിച്ച് ശാസ്ത്രജ്ഞർ

single-img
2 July 2020

കഴിഞ്ഞ ദിവസം വടക്കൻ ബോട്സ്വാനയിൽ 350ല്‍ കൂടുതല്‍ കാട്ടാനകളെ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്താന്‍ സാധിക്കാതിരുന്ന ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്റെ ആരംഭത്തില്‍ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ ആദ്യമായി കണ്ടെത്തിയത്.

തുടര്‍ന്ന് ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു.കാണപ്പെട്ട ആനകളുടെ ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്തായിരുന്നു. സംഭവത്തില്‍ ഇതേവരെ ബോട്സ്വാന സർക്കാർ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല എന്നതിനാല്‍ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുകയാണ്.

ഒരു സാധ്യതയായി വിഷം, അല്ലെങ്കില്‍ ആനകളില്‍ വന്ന പകര്‍ച്ചവ്യാധി എന്നിങ്ങിനെ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ പറയുന്നത്. പ്രദേശത്ത് മുന്‍പ് ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഇങ്ങിനെ ചെയ്യുന്നത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്.

‘ആനകളുടെ ശവങ്ങളില്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അങ്ങിനെ വീഴുന്നതിന് വളരെ പെട്ടന്ന് മരിച്ചു എന്നാണ് അര്‍ത്ഥമാകുന്നത്. ക്രമേണ വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതുകൊണ്ടുതന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറയുന്നത്.