പ്രതിരോധ പ്രവർത്തനങ്ങൾ തെറ്റായ ദിശയിൽ; അമേരിക്കയിൽ കോവിഡ് കേസുകൾ ഇരട്ടിയാകും; മുന്നറിയിപ്പുമായി ആന്റണി ഫൗചി

single-img
1 July 2020

നിലവിൽ കൊറോണ വൈറസിനെതിരെ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും ഇപ്പോഴുള്ള നിലപാടുകൾക്ക് മാറ്റം വരുത്തിയില്ലെങ്കിൽ ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകൾ ഇനിയും ഇരട്ടിയാകുമെന്നും പ്രശസ്ത അമേരിക്കൻ സാംക്രമിക രോഗ വിദഗ്ദനായ ആന്റണി ഫൗചി മുന്നറിയിപ്പ് നല്‍കി.

രാജ്യത്താകെ ബാറുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങള്‍ സാമൂഹ്യ അകലമോ മുൻകരുതലുകളോ പാലിക്കാതെയാണ് ഏത് സമയവും ഒത്തുകൂടുന്നത്. ഈ സ്ഥിതിയാണ് തുടരുക എങ്കില്‍ ദിനംപ്രതി 100,000 ത്തോളം കൊവിഡ് 19 രോഗികൾ അമേരിക്കയിലുണ്ടാകുമെന്നാണ് ഫൗചി അറിയിക്കുന്നത്. ഇപ്പോള്‍ ഏകദേശം 40,000 ത്തോളം പേർക്കാണ് അമേരിക്കയിൽ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്.

യുഎസിലെ തെക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിച്ചു വരികയുമാണ്‌. ആശുപത്രികളിൽ ഭൂരിഭാഗവും നിറഞ്ഞു കവിയാറായി. ഇപ്പോള്‍തന്നെ ഫ്ലോറിഡയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട രോഗികളുടെ എണ്ണവും വെന്റിലേറ്ററിന്റെ ഉപയോഗവും ഇരട്ടിയായി ഉയർന്നിരിക്കുകയാണ്.

ഹൂസ്റ്റണിലാവട്ടെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ഏകദേശം 97 ശതമാനവും നിറഞ്ഞ് കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ വളരെ ആശങ്കാകുലനാണെന്നും രാജ്യത്തിന്റെ പോക്ക് തെറ്റായ മാർഗത്തിലൂടെയാണെന്നും ഫൗചി ഓർമിപ്പിക്കുന്നു.