ഇൻ്റര്‍വ്യൂ തന്നില്ലെന്ന് പറഞ്ഞ് വൈരാഗ്യം തീര്‍ക്കരുത്: ഷംനാ കാസിം വിഷയത്തിൽ മാധ്യമങ്ങളോട് ടിനി ടോം

single-img
1 July 2020

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സംഘവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടന്‍ ടിനി ടോം വ്യക്തമാക്കി. തന്നെ ചിലര്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും പ്രതികളോ, ഷംനയോ പറയാത്ത കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും  ടിനി ടോം പറഞ്ഞു.

ഇൻ്റര്‍വ്യൂ തന്നില്ലെന്ന് പറഞ്ഞ് വൈരാഗ്യം തീര്‍ക്കരുത്. അതുകൊണ്ട് ഈ കേസുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഇതിനെ നിയമപരമായി നേരിടാനാകാഞ്ഞിട്ടല്ല. മനുഷ്യത്വമായി കാണണം. നന്മയുടെ സത്യത്തിന്റെയും കൂടെ നില്‍ക്കണം. ഒരുപെണ്‍കുട്ടിയോട് പോലും മോശമായി പെരുമാറിയിട്ടില്ല. ആഗ്രഹം കൊണ്ട് കലാരംഗത്ത് എത്തിയതാണ്. ഒരിക്കലും ഉപദ്രവിക്കരുതെന്നും  തെറ്റുകാരനാണെങ്കില്‍ എന്നെ ക്രൂശിച്ചോളു എന്നും ടിനി ടോം വ്യക്തമാക്കി. 

പിടിയിലായ പ്രതികള്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ പറഞ്ഞു. ഷംന പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും ഐജി വ്യക്തമാക്കി. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്. ഷംനയെ തട്ടിക്കൊണ്ടു പൊയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. 

കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്. ഹൈദരാബാദില്‍ നിന്ന് ഇന്നലെയെത്തി കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാക്കിയത്.

ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയ കേസിലും എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഇന്നലെ അറസ്റ്റിലായ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വരാനായി അഭിനയിച്ച റഫീഖും ചേര്‍ന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്.

ഷംന കാസിമിന്റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്. നടിയില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വര്‍ണക്കടത്ത് പ്രതികള്‍ കെട്ടിച്ചമച്ച കഥയാണെന്നും പൊലീസ് പറയുന്നു. 20ലേറെ പെണ്‍കുട്ടികളെ ഇവര്‍ ചതിയില്‍ വീഴ്ത്തി. പ്രതികള്‍ തട്ടിയെടുത്ത ആഭരണങ്ങളടങ്ങിയ എട്ട് പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു.