1500 രൂപയെ ചൊല്ലി തർക്കം; 60കാരനെ പകൽ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി

single-img
1 July 2020

കേവലം 1500 രൂപയെച്ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവില്‍ 60കൊരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. ഈ കൊലപാതക ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലുള്ള യുഎസ് നഗര്‍ ജില്ലയിലെ ജസ്പുരിലാണ് സംഭവം നടന്നത്.

നാല് പേരുൾപ്പെടുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിക്കുന്നു. പ്രദേശ വാസിയായ ഗുച്ചന്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റിസ്വാന്‍, നൗഷാദ്, ഡാനിഷ്, അക്രം എന്നിവര്‍ ഇപ്പോൾ ഒളിവിലാണെന്നും കാശിപൂര്‍ എഎസ്പി രാജേഷ് ഭട്ട് മാധ്യമങ്ങളെ അറിയിച്ചു.

കൊലചെയ്യപ്പെട്ട വ്യക്തിയുടെ മകനും പ്രതികളും തമ്മിലുള്ള 1500 രൂപയുടെ തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഇയാളുടെ മകനുമായുള്ള തര്‍ക്കം പറഞ്ഞ് അവസാനിപ്പിക്കാനാണ് ഗുച്ചം ഖാന്‍ പ്രതികളുടെ സമീപം എത്തുന്നത്. തുടർന്ന് ഇവരുമായി സംസാരിക്കുന്നതിനിടെ തര്‍ക്കമായി.

തർക്കത്തെ തുടർന്ന് പ്രതികള്‍ ഗുച്ചംഖാനെ റോഡിലേക്ക് വലിച്ചിഴക്കുകയും കത്തിക്കൊണ്ട് കുത്തുകയുമായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുച്ചം ഖാന്റെ മകൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.