നെഞ്ചുവേദന; നേപ്പാള്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
1 July 2020

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സാധാരണ നടക്കാറുള്ള പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പ അറിയിച്ചു..

ഒലി രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കണം എന്ന ആവശ്യം നേപ്പാളില്‍ ശക്തമായിക്കൊണ്ടിരിക്കവേയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ ഒലിക്കെതിരെ പാര്‍ട്ടി തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കൂടിയ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് ഒലിക്കെതിരെ നേതാക്കള്‍ പ്രതികരണം നടത്തിയത്. പ്രധാനമന്ത്രി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുകയും ഉണ്ടായി.