ദൂരപരിധി കുറച്ച് കൊണ്ടു ബസ് ചാര്‍ജ് വര്‍ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

single-img
1 July 2020

മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ, ദൂരപരിധി കുറച്ച് കൊണ്ട് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബസ് ചാര്‍ജ് താത്കാലികമായി വര്‍ധിപ്പിക്കാനുളള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയ്ക്കാണ്  മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. 

നിലവില്‍ അഞ്ചു കിലോമീറ്റര്‍ വരെ എട്ടു രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഇത് രണ്ടര കിലോമീറ്ററായി ചുരുക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തളളി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അംഗീകരിച്ചിരുന്നു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.  ഇന്ധനവില വര്‍ധനയും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാണിച്ച് കോവിഡ് കാലത്തേക്കുളള പ്രത്യേക ശുപാര്‍ശയാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ചത്.