കൊവിഡ് രോഗം ഭേദപ്പെടുത്തുന്ന മരുന്ന് കണ്ടുപിടിച്ചതായി അവകാശപ്പെട്ടിട്ടില്ല; സര്‍ക്കാരിന് വിശദീകരണവുമായി പതഞ്ജലി

single-img
30 June 2020

തങ്ങൾ കൊവിഡ് 19 ഭേദമാകാനുള്ള മരുന്ന് കണ്ടുപിടിച്ചുവെന്ന അവാകാശവാദത്തില്‍ നിന്ന് പിന്നോട്ട് മാറി ബാബാ രാംദേവിന്റെ കീഴിലുള്ള പതഞ്ജലി. വൈറസ് ബാധയേറ്റ രോഗികളെ ഭേദപ്പെടുത്തുന്ന മരുന്ന് കണ്ടുപിടിച്ചുവെന്ന് കമ്പനി അവകാശപ്പെട്ടിട്ടില്ലെന്ന് കമ്പനി ചൊവ്വാഴ്ച വ്യക്തമാക്കി.

തങ്ങള്‍ ഇതുവരെ കൊറോണ കിറ്റ് എന്ന പേരില്‍ മരുന്ന് നിര്‍മ്മിച്ചിട്ടില്ലെന്നും ഉത്തരാഖണ്ഡ് ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്‌റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയതില്‍ പതഞ്‌ജലി അറിയിച്ചു. മരുന്നിനുള്ള ഗുണങ്ങളെക്കുറിച്ച് പറയുക മാത്രമാണ് ചെയ്തത്. പക്ഷെ അത് കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പതഞ്ജലി അറിയിച്ചു.

ഈ മാസം 23നാണ് പതഞ്ജലി കമ്പനി ആയുര്‍വേദ കൊറോലിന്‍ ടാബ്ലറ്റ് എന്ന മരുന്ന് പുറത്തിറക്കിയത്. അന്നേദിവസം ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയ കൊറോലിന്‍ ടാബ്ലറ്റിന് കൊറോണ ഭേദപ്പെടുത്താന്‍ കഴിയുമെന്ന് പതഞ്ജലി അവകാശപ്പെട്ടിരുന്നു.

മരുന്ന് തങ്ങള്‍ 280 കൊവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിച്ചുവെന്നും എല്ലാവര്‍ക്കും രോഗം ഭേദമായെന്നും പതഞ്ജലി മാധ്യമങ്ങളില്‍ അവകാശപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ ഇതില്‍ നിന്ന് മലക്കം മറിഞ്ഞുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തില്‍ പതഞ്ജലി വ്യക്തമാക്കിയിരിക്കുന്നത്. പതഞ്‌ജലി മരുന്ന് പറത്തിറക്കി മണിക്കൂറുകള്‍ക്കകം ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം പതഞ്ജലിയില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു.