സുന്ദരിയായ പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന് നോക്കും: ജോസ് കെ മാണി ഗ്രൂപ്പിനെ സുന്ദരിയായ സ്ത്രീയോട് ഉപമിച്ച് എന്‍ ജയരാജ് എംഎൽഎ

single-img
30 June 2020

കേരളാ കോൺഗ്രസ് എൽഡിഎഫിലേക്കു പോകുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എംഎല്‍എ എന്‍ ജയരാജ്. സുന്ദരിയായ പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.  യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കേരളാ കോണ്‍ഗ്രസ് ഇപ്പോഴും സുന്ദരിയാണ്.  അതുകൊണ്ട് ആരും ഒന്ന് നോക്കും. പലരും ഞങ്ങളെ വിളിക്കുന്നത് അതിൻ്റെ സൗന്ദര്യം കണ്ടിട്ടാണ്. ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും സൗന്ദര്യവുമുണ്ട്. അതുകൊണ്ട് മറ്റ് മുന്നണികള്‍ സ്വാഗതം ചെയ്യുന്നതിനെ കുറ്റം പറയാനാവില്ലെന്നും ജയാരാജ് പറഞ്ഞു.  

യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഇതാണ്. കെഎം മാണിയില്ലാത്ത കേരളാ കോണ്‍ഗ്രസ് ഉണ്ടോ. അതൊന്നുമില്ലാത്ത കേരളാ കോണ്‍ഗ്രസിന്റെ സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതല്ലെയെന്നും ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പുറത്താക്കിയ തീരുമാനം അത്ഭുതകരമല്ലെന്നായിരുന്നു എംഎല്‍എ റോഷി അഗസ്റ്റിന്റെ പ്രതികരണം.  പുറത്താക്കാനുള്ള തീരുമാനം അറിയില്ല. തീരുമാനം ചതിയും ഖേദകരവുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.പതിറ്റാണ്ടുകള്‍ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.