ജോസ് കെ മാണി ബിജെപി മുന്നണിയിലേക്ക് പോകാൻ തയ്യാറാണ്, പക്ഷേ പോയിട്ടു തിരിച്ചു വരുമ്പോൾ…

single-img
30 June 2020

കെ എം മാണിയുടെ കുടുംബവുമായി പതിറ്റാണ്ടുകളായുള്ള ബന്ധം യുഡിഎഫ് അവസാനിപ്പിക്കുമ്പോൾ കേരള രാഷ്ട്രീയം ഒന്നു ഞെട്ടി. എന്നാൽ യുഡിഎഫിൻ്റെ നീക്കങ്ങൾ വരാൻ പോകുന്ന ദുരന്തം മുൻകൂട്ടി കണ്ടുകൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. രണ്ടു മാസമായി ബിജെപിയുടെ പുറകേ നടക്കുകയാണ് ജോസ്.കെ. മാണിയെന്ന് പി.സി. ജോർജ് എംഎൽഎ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ബിജെപിയിൽ കയറിപ്പറ്റി എന്തെങ്കിലും സ്ഥാനം ഒപ്പിച്ചെടുകക്ണമെന്നാണ് ജോസ് കെ മാണിയുടെ ആഗ്രഹമെന്നും പിസി പറഞ്ഞു. ഡൽഹിയിൽ പോയി ബിജെപി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫിൽ ഈ വഴക്കുണ്ടാക്കിയതെന്നും പി.സി. ജോർജ് ആരോപിക്കുകയും ചെയ്തു കഴിഞ്ഞു. 

പിസി ജോർജ് വാക്കുകളിലൂടെ ഉന്നയിച്ച ആരോപണം മുൻകൂട്ടിക്കണ്ടു എന്നു വ്യക്തമാക്കുന്ന രീതിയിലാണ് യുഡിഎഫിൻ്റെ നടപടി വന്നത്. യുഡിഎഫില്‍നിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ, കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എന്‍ഡിഎയിലേക്കു ബിജെപി ദേശീയ നേതൃത്വം ക്ഷണിച്ചുവെന്നാണ് ഇപ്പോൾ സൂചനകൾ പുറത്തു വരുന്നതും. കേന്ദ്രമന്ത്രി സ്ഥാനമാണു പ്രത്യേകദൂതന്‍ മുഖേന ജോസിന് വാഗ്ദാനം നൽകിയിരിക്കുന്നതെന്നാണ് സൂചനകൾ. എന്നാൽ ക്ഷണം സ്വീകരിക്കുകയോ തള്ളുകയോ ജോസ് കെ മാണി ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

പുതിയ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നതു ബി.ജെ.പി. നേതാക്കളായ ജോര്‍ജ് കുര്യനും എന്‍ കെ. നാരായണന്‍ നമ്പൂതിരിയുമാണെന്നാണ് റിപ്പോർട്ടുകൾ.  ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് അല്‍ഫോന്‍സ് കണ്ണന്താനം എം.പിയാണു മധ്യസ്ഥന്നാകുന്നത്.  സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനമാണു മുമ്പ് വാഗ്ദാനം ചെയ്തതെങ്കിലും പുതിയ സാഹചര്യത്തില്‍ കാബിനറ്റ് മന്ത്രിസ്ഥാനം ബിജെപി നൽകുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

ജോസ് വിഭാഗത്തെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ചരടുവലി നേരത്തേ സജീവമായിരുന്നു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേരളാ കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗത്തെ ഒപ്പം നിര്‍ത്തുന്നതു നേട്ടമാകുമെന്ന സന്ദേശം ബിജെപി. സംസ്ഥാനനേതൃത്വം കേന്ദ്രത്തെ അറിയിച്ചിരുന്നു. രണ്ട് എംപിമാരുള്ള ജോസ് പക്ഷത്തിൻ്റെ പിന്തുണ കേരളത്തിലും എന്‍ഡിഎയ്ക്കു നേട്ടമാകുമെന്നാണ് സംസ്ഥാന ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ നയം വ്യക്തമാക്കേണ്ടത് ജോസ് കെ. മാണിയാണ് എന്ന നിലപാടിലായിരുന്നു ബിജെപി. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. 

ജോസ് കെ മാണിയുടെ കടന്നുവരവ്  ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പിക്കു തുണയാകുമെന്നാണ് പ്രതീക്ഷ. എന്‍.ഡി.എയിലേക്ക് ഏതൊക്കെ പാര്‍ട്ടികളെ ക്ഷണിക്കണമെന്നു പരിശോധിക്കാന്‍ നേരത്തേ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാന്‍ ബിജെപി. കാലങ്ങളായി ശ്രമിച്ചുവരുകയാണ്. എന്നാൽ പി സി തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തെയും ബിജെപിയിലേക്ക് കൊണ്ടുവന്നത് വലിയ നേട്ടം സമ്മാനിച്ചില്ലെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. 

ഇപ്പോള്‍ ജോസ് കെ മാണി പക്ഷത്തെ മുന്നണിയില്‍നിന്നു പുറത്താക്കിയതോടെ രണ്ട് എം.പിമാരെയാണു യു.പി.എയ്ക്കു നഷ്ടമാകുന്നത്. ജോസ് കെ. മാണി പുറത്തുപോകുന്നതു രാജ്യസഭയില്‍ യുപിഎയ്ക്കു ഭൂരിപക്ഷം കുറയ്ക്കും എന്നുള്ളതും തീർച്ചയാണ്. അതേസമയം ജോസ് പക്ഷം എന്‍.ഡി.എയില്‍ ചേക്കേറിയാല്‍ അതു കനത്ത പ്രഹരവുമാകും. ജോസും കൂട്ടരും ഇടതുമുന്നണിയിലേക്കു പോകുമെന്നാണു കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം കരുതുന്നതെങ്കിലും അതു നടക്കാൻ സാധ്യതയില്ലെന്നു തന്നെയാണ് സൂചനകൾ. 

എല്‍.ഡി.എഫില്‍ ചേക്കേറിയാല്‍ എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നുള്ളത് ജോസ് കെ മാണി പക്ഷത്തെ നേതാക്കളെ അലട്ടുന്നുണ്ട്. ജോസ് കെ. മാണിക്കു സി.പി.എമ്മില്‍നിന്നു ചില ഉറപ്പുകള്‍ ലഭിച്ചതായി സൂചനയുണ്ടെങ്കിലും സി.പി.ഐയുടെ എതിര്‍പ്പ് ഉള്ളിടത്തോളം കാലം പ്രവേശനം വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ബിജെപിയിലേക്ക് പോയി കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പിക്കുകയായിരിക്കും ജോസ് കെ മാണിയുടെ മുന്നിലുള്ള വഴി. എന്നാൽ മധ്യതിരുവിതാംകൂറിലെ മലയോര രാഷ്ട്രീയത്തിനു വിരുദ്ധമായി തീരുമാനങ്ങൾ കെെക്കൊണ്ടാൽ പാല സീറ്റ് കെെയിൽ നിന്നും പോയതു പോലെ ജോസ് കെ മാണി വിഭാഗം കേരളത്തിൽ നിന്നുതന്നെ ഇല്ലാതാകുമെന്നു തന്നെയാണ് പ്രവർത്തകരിൽ വലിയ വിഭാഗം കരുതുന്നതും.